കറ്റാനം: കറ്റാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ. നെല്ലിമൂട് ജംഗ്ഷന് സമീപം തയ്യിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന തൃശൂർ ചാവക്കാട് സ്വദേശി രാജ്കുമാറാണ് (60) പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തി​ന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്നു. അക്യുപങ് ചർ ചികിത്സയിലുള്ള അറിവ് ഉപയോഗിച്ചാണ് അലോപ്പതി ചികിത്സകനായി തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് പ്രാഥമിക വിവരം. ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും സംശയിക്കുന്നു. എം.ബി.ബി.എസ്, എം.ഡി ബിരുദങ്ങളാണ് ബോർഡിൽ പതിച്ചിരുന്നത്.ഇതോടൊപ്പമുള്ള രജിസ്റ്റർ നമ്പർ തിരുവനന്തപുരം സ്വദേശിയായ വനിതാ ഡോക്ടറുടേതാണെന്നും കണ്ടെത്തിയിട്ടുണ്ട്. നാല് വർഷം മുമ്പാണ് ഇയാൾ കറ്റാനം ജംഗ്ഷന് സമീപം ടി.എൻ ക്ലി​നിക്ക് തുറന്നത്. അഞ്ച് മാസം മുമ്പ് മുതൽ വീട് കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മെഡിക്കൽ ബിരുദം സംബന്ധിച്ച് പരസ്പര വിരുദ്ധമായ വിവരങ്ങളാണ് ഇയാൾ നൽകിയത്. സി.ഐ കെ.എസ്. ഗോപകുമാർ, എസ്.ഐമാരായ കെ. സുനുമോൻ, എസ്.ഐ അൻവർ സാദത്ത്, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ഫിറോസ് അഹമ്മദ്, എസ്.എസ്.ബി എ.എസ്. ഐ സജാദ്, സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ്,സജൻ, പ്രിയലാൽ, രമ്യ തുടങ്ങിയവരുടെ നേതൃത്വത്തി​ലായിരുന്നു നടപടി.