മാവേലിക്കര: വൃദ്ധ ദമ്പതികൾക്ക് ഓട്ടോറിക്ഷാ തൊഴിലാളികളുടെ ചികിത്സാസഹായം. ചേപ്പാട് പഞ്ചായത്തിൽ അഞ്ചാം വാർഡിൽ വരിക്കോലിൽ കിഴക്ക് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഗോപാലകൃഷ്ണൻ(85), ഭാര്യ പത്മം(75) എന്നിവർക്കാണ് മുട്ടത്തെ ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മ രൂപീകരിച്ച മുട്ടം ഓട്ടോ ടാക്സി ചികിത്സാ സഹായ സമിതി ധനസഹായം എത്തിച്ച് നൽകിയത്.
ഇരുവൃക്കകളും തകരാറിലായതിനെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പത്മത്തിന് കൂട്ടിരിക്കാൻ പോയ ഗോപാലകൃഷ്ണൻ കോവണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ് വണ്ടാനത്ത് തന്നെ ചികിത്സയിലാണ്. ഭർത്താവ് ഉപേക്ഷിച്ച് പോയ മകളും 9ാം ക്ലാസ് വിദ്യാർത്ഥിയായ ചെറുമകനും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഒരു രൂപയുടെ പോലും വരുമാനമില്ലാതെ നട്ടം തിരിയുന്ന കുടുംബത്തിന് ഓട്ടോറിക്ഷ തൊഴിലാളികൾ മുൻകൈയെടുത്ത് ചികിത്സക്കുള്ള സഹായം എത്തിക്കുകയായിരുന്നു. തുടർന്നുള്ള ചികിത്സയ്ക്കും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വൃദ്ധ ദമ്പതികൾ.