dairy

ആലപ്പുഴ: ക്ഷീര കർഷകർക്ക്കൊവിഡ് ധനസഹായമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച 1000 രൂപ ക്ഷേമനിധിയിൽ നിന്ന് കിട്ടാൻ ജനുവരി ഒന്നു മുതൽ 20വരെ സംഘങ്ങളിൽ നൽകിയ പാലിന്റെ അളവ് നോക്കണമെന്ന ക്ഷേമനിധി ബോർഡ് തീരുമാനത്തിൽ പ്രതിഷേധം. അംശദായം അടയ്ക്കുന്ന തൊഴിലാളികൾക്ക് മറ്റ് ക്ഷേമനിധി ബോർഡുകൾ മാനദണ്ഡങ്ങളില്ലാതെ കൊവിഡ് സഹായം നൽകുന്നുണ്ട്.

250 ലിറ്ററിനുള്ളിൽ പാൽ അളന്നവർക്ക് 250 രൂപയും തുടർന്ന് 1000 വരെയുള്ള ഓരോ ലിറ്ററിനും ഒരു രൂപ വീതവും സഹായം നൽകാനാണ് നിർദ്ദേശം. ധനസഹായം സംഘങ്ങളുടെ ഫണ്ടിൽ നിന്ന് കർഷകർക്ക് നൽകിയ ശേഷം വൗച്ചർ ഹാജരാക്കുമ്പോൾ സംഘങ്ങൾക്കു ബോർഡ് പണം നൽകും. എന്നാൽ വേണ്ടത്ര ഫണ്ടില്ലാത്ത സംഘങ്ങളാണ് പ്രതിസന്ധിയിലാകുന്നത്.

ക്ഷേമനിധിയിൽ അംഗത്വമുള്ളവർക്കും ഇല്ലാത്തവർക്കും 1000 രൂപ നൽകാനാണ് സർക്കാർ തീരുമാനം. എന്നാൽ, മാനദണ്ഡം വന്നതോടെ ഇത് അട്ടിമറിക്കപ്പെടുകയാണ്. 3.5ലക്ഷം ക്ഷീരകർഷകർക്കാണ് ബോർഡിൽ അംഗത്വം. മാസം 20 രൂപയാണ് ക്ഷേമനിധി വിഹിതം. ക്ഷേമനിധി അംഗങ്ങളുടെ ഒന്നര ഇരട്ടിയോളം വരുന്ന, അംഗങ്ങളല്ലാത്ത കർഷകർക്ക് ധനസഹായം കിട്ടില്ല.

ആനുകൂല്യങ്ങൾ

പെൻഷൻ 1200രൂപ

മരണാനന്തര സഹായം 3000‌‌‌രൂപ

വിവാഹ സഹായം: 5000രൂപ

കുടുംബ പെൻഷൻ: 500രൂപ

ബോർഡിന്റെ വരുമാനം

കർഷക വിഹിതം പ്രതിമാസം: 20രൂപ

ക്ഷീരസംഘങ്ങളിലെ പ്രതിദിന വിറ്റുവരവിലെ 0.5%

സംഘം മിൽമയ്ക്ക് നൽകുന്ന പാൽ വിലയുടെ 0.3%

മിൽമയു‌ടെ പാൽവിറ്റുവരവിലെ 0.75%

'സർക്കാർ സഹായമില്ലാതെ ക്ഷേമനിധി ബോർഡിന്റെ സ്വന്തം ഫണ്ട് വിനിയോഗിക്കുന്നതിനാൽ എല്ലാ കർഷർക്കും സഹായമെത്തിക്കാനാണ് പാലിന്റെ അളവ് മാനദണ്ഡമാക്കിയത്. കർഷകരിൽ നിന്ന് പിരിച്ച 20രൂപ ബോർഡിൽ അടയ്ക്കുന്നതിൽ ലക്ഷങ്ങളുടെ കുടിശ്ശികയാണ് സംഘങ്ങൾ വരുത്തിയിട്ടുള്ളത്'

-അഡ്വ. എൻ.രാജൻ,

ചെയർമാൻ, ക്ഷീരകർഷക

ക്ഷേമനിധി ബോർഡ്