ആലപ്പുഴ: മാസം പരമാവധി 50ൽ താഴ വാറ്റ് കേസുകൾ രജിസ്റ്റർ ചെയ്തു 'ശീലിച്ച' എക്സൈസുകാർ കഴിഞ്ഞ 23 ദിവസത്തിനുള്ളിൽ രജിസ്റ്ററിൽ എഴുതിയത് 1054 കേസുകൾ! വർഷം 1.80 ലക്ഷം മുതൽ 2.40 ലക്ഷം ലിറ്റർ വരെ കോടയാണ് ശരാശരി പിടിക്കാറുള്ളത്. ലോക്ക്ഡൗൺ തുടങ്ങിയ ശേഷം ഏപ്രിൽ 17 വരെ എക്സൈസ് മാത്രം പിടികൂടിയത് ഒരു ലക്ഷത്തോളം ലിറ്റർ കോട! പൊലീസിന്റെ പക്കലുള്ള കണക്കുകൂടി കൂട്ടുമ്പോൾ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ഭീതി വർദ്ധിക്കുകയാണ്.
ചാരായം കിട്ടാത്ത ഉൾപ്രദേശങ്ങളിൽ ഒന്നിലധികം അരിഷ്ടങ്ങൾ കൂട്ടിക്കലർത്തി കഴിച്ചാണ് മദ്യപാനികൾ സായൂജ്യമടയുന്നത്. ഇവിടങ്ങളിലെ മരുന്നുവില്പന ശാലകളിൽ സൂക്ഷിച്ചിട്ടുള്ള അരിഷ്ടത്തിന്റെ കൃത്യമായ കണക്കും ലഭ്യമല്ല. ഓൺലൈൻ മദ്യവില്പനയെപ്പറ്റി ചില പ്രചാരണങ്ങളുണ്ടെങ്കിലും തെളിവു കിട്ടിയിട്ടില്ല. വാറ്റുപകരണങ്ങളുടെ ഓൺലൈൻ പരസ്യവും വാറ്റ് വിശദീകരിക്കുന്ന സൈറ്റുകളും എക്സൈസ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ചില ബാറുകളിൽ പിൻവാതിൽ മദ്യക്കച്ചവടം നടക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധനകർശനമാക്കാൻ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് എക്സൈസ് കമ്മിഷണർ നിർദ്ദേശം നൽകി. നിയന്ത്രണത്തിനുശേഷം ബാറുകൾ തുറക്കുംമുമ്പ് സ്റ്റോക്ക് പരിശോധന നടത്തും.
ശിക്ഷ ഇങ്ങനെ
ചാരായമോ കോടയോ (ചെറിയ അളവിലാണെങ്കിലും) വാറ്റുപകരണങ്ങളോ കൈവശം വയ്ക്കുന്നതും വാറ്റുന്നതും ജാമ്യമില്ലാത്ത കുറ്റമാണ്. 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ മാത്രം ജാമ്യത്തിന് സാദ്ധ്യത. പൊതുസ്ഥലത്തുള്ള മദ്യപാനം, ലൈസൻസ് ചട്ടങ്ങളുടെ ലംഘനം, അളവിൽ കൂടുതൽ മദ്യം കൈവശം വയ്ക്കൽ എന്നിവ ജാമ്യം കിട്ടാവുന്ന കുറ്റങ്ങളാണ്. ഇതിന് പിഴത്തുക (ഓരോ കേസിനും വ്യത്യസ്തം) അടച്ചാൽ മതി.
# ലോക്ക്ഡൗൺ തുടങ്ങിയശേഷം
പിടിച്ചെടുത്ത
ചാരായം ............1001.6 ലിറ്റർ
വാഷ് (കോട) ............99,490 ലിറ്റർ
അരിഷ്ടം .............1650 ലിറ്റർ
അറസ്റ്റ് ......... 280
''ഓൺലൈൻ മദ്യവില്പന സംബന്ധിച്ച് സൂചനകളൊന്നുമില്ല. സാദ്ധ്യതയുള്ള സൈറ്രുകൾ നിരീക്ഷിക്കുന്നുണ്ട്
(സാംക്രിസ്റ്റി ഡാനിയേൽ, അഡിഷണൽ എക്സൈസ് കമ്മിഷണർ)