ആലപ്പുഴ: ജില്ലയിൽ 20ന് ശേഷം ലോക്ക്ഡൗണിൽ ഇളവുകൾ വന്നാലും ജാഗ്രത തുടരണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരൻ പറഞ്ഞു. കളക്ടറേറ്റിൽ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് 19 അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കളക്ടർ എം.അഞ്ജന, ജില്ല പൊലീസ് മേധാവി ജെയിംസ് ജോസഫ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കൊവിഡ് 19 വൈറസ് ബാധയുടെ അടിസ്ഥാനത്തിൽ ജില്ലയെ ഓറഞ്ച് ബി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ സർക്കാർ വാഹനങ്ങൾ ഉൾപ്പെടെ അനാവശ്യമായി നിറുത്തിയിടരുതെന്നും വഴിയോര കച്ചവങ്ങൾ റോഡിൽ നിന്നു മാറ്റി വേണം നടത്താനെന്നും മന്ത്രി നിർദേശിച്ചു. കാര്യങ്ങളുടെ ഗൗരവം മനസിലാക്കാതെ ആളുകൾ അനാവശ്യമായി റോഡിലിറങ്ങുന്നത് ദിനംപ്രതി വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇളവ് പ്രഖ്യാപിച്ചാലും ഇത്തരം നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി. പ്രധാന മത്സ്യ, പച്ചക്കറി മാർക്കറ്റുകളിൽ ആളുകൾ കൂടുന്നത് ഒഴിവാക്കാൻ കൂടുതൽ പൊലീസ് സേനയെ വിന്യസിക്കും. 20ന് ശേഷവും ജനങ്ങൾ കൃത്യമായ മുൻകരുതലുകളെടുത്ത് മാസ്‌ക് ധരിച്ച് സുരക്ഷിത അകലം പാലിച്ച് വേണം പുറത്തിറങ്ങേണ്ടതെന്നും ജി.സുധാകരൻ പറഞ്ഞു.

 ഉദ്യോഗസ്ഥർക്ക് അഭിനന്ദനം

മികച്ച പ്രവർത്തനം കാഴ്ച വെച്ച ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ജില്ല മെഡിക്കൽ ഓഫീസും മെഡിക്കൽ കോളേജും തമ്മിലുള്ള ഏകോപനം വളരെ മികച്ചതാണ്. ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ച രോഗിയിയിൽ നിന്ന് സമ്പർക്കം വഴി ഒരു കേസ് പോലും സ്ഥിരീകരിച്ചിട്ടില്ല. സമൂഹ വ്യാപനം ജില്ലയിലില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ് രോഗബാധിതരെ പരിചരിക്കാൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്ന് ഘട്ടങ്ങളായുള്ള പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്. മൂന്നാം ഘട്ടത്തിൽ ആവശ്യമെങ്കിൽ 738 ബെഡുകളും 140 ഐ.സി.യുകളും ഒരുക്കുമെന്ന് സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ അറിയിച്ചു.


 വയോജനങ്ങളുടെ കണക്കെടുപ്പ്


കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 60 വയസിന് മുകളിലുള്ളവരുടെ കണക്ക് ശേഖരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ആവശ്യമെങ്കിൽ റിവേഴ്സ് ക്വാറന്റൈൻ ഉൾപ്പെടെ നടത്താനാണ് ഇത്തരത്തിൽ കണക്കുകൾ ശേഖരിച്ചത്. ജില്ലയിൽ 60 വയസിന് മുകളിലുള്ള 2,43,617 പേരുണ്ട്. ഇതിൽ 31,841 പേർ ആരോഗ്യ പ്രശ്നങ്ങളുള്ളവരാണ്. 27,297 പേർ കാൻസർ, ഹൃദ്രോഗം പോലുള്ള ഗുരുതര രോഗങ്ങൾ ഉള്ളവരും.

 ഹൗസ് ബോട്ടുകൾ സജ്ജം


രാജ്യത്ത് തന്നെ ആദ്യമായി ഒരു ജില്ല വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഹൗസ് ബോട്ടുകളിലെ ഐസൊലേഷൻ വാർഡുകൾ. നൂതനമായ ഈ പദ്ധതി മുന്നോട്ടുവച്ച ജില്ല ഭരണകൂടത്തെ മന്ത്രി അഭിനന്ദിച്ചു. ഹൗസ് ബോട്ടിൽ കൊവിഡ് കെയർ സെന്റർ സജ്ജീകരിക്കുന്ന സാഹചര്യത്തിൽ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം, ശുചിമുറി മാലിന്യം എന്നിവ സംസ്‌കരിക്കാൻ പ്രത്യേകം രൂപരേഖ തയ്യാറാക്കി. ഹൗസ് ബോട്ടിൽ ഐസൊലേഷനിൽ പാർപ്പിക്കുന്നവർക്ക് കളക്ടറുടെ നേതൃത്വത്തിൽ ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ വഴി ഭക്ഷണം എത്തിച്ച് നൽകാനും ജി.സുധാകരൻ നിർദേശം നൽകി. 1500 മുതൽ 2000 വരെ ഐസൊലേഷൻ ബെഡ്ഡുകൾ ഹൗസ് ബോട്ടുകളിലായി സ്ഥാപിക്കാൻ സാധിക്കും.