അമ്പലപ്പുഴ: സർക്കാർ നിർദ്ദേശം ലംഘിച്ച് ധീവരസഭ നീർക്കുന്നം കരയോഗത്തിന്റെ നേതൃത്വത്തിൽ വണ്ടാനം കുപ്പിമുക്കിന് വടക്കുഭാഗത്തായി നടത്തിയ മത്സ്യവില്പന പൊലീസ് തടഞ്ഞത് സംഘർഷം സൃഷ്ടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ എത്തിയ അമ്പലപ്പുഴ പൊലീസ് പ്രദേശത്തെ 6 മത്സ്യതൊഴിലാളികളെ ലോക്ക് ഡൗൺ ലംഘനത്തിന്റെ പേരിൽ അറസ്റ്റു ചെയ്തു. തുടർന്ന് മത്സ്യം എടുക്കാൻ മത്സ്യഫെഡിന്റെ വാഹനം എത്തിയെങ്കിലും വിട്ടുനൽകാൻ തൊഴിലാളികൾ തയ്യാറായില്ല.
പ്രദേശത്തെ 60 ഓളം വള്ളങ്ങളാണ് ഇപ്പോൾ മത്സ്യബന്ധനം നടത്തുന്നത്. തോട്ടപ്പള്ളി ഹാർബറിൽ വള്ളങ്ങൾ അടുപ്പിച്ച് മത്സ്യ വില്പന നടത്തണമെന്നാണ് സർക്കാർ നിർദ്ദേശം. ലേലം ഒഴിവാക്കി മത്സ്യഫെഡാണ് ഹാർബറിൽ നിന്ന് മത്സ്യം സംഭരിക്കുന്നത്. എന്നാൽ മത്സ്യഫെഡ് കുറഞ്ഞ വില നൽകുന്നതിനാലാണ് തങ്ങൾ ഇത്തരത്തിൽ വില്പന നടത്താൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. നീർക്കുന്നത്തുനിന്നു തോട്ടപ്പള്ളി ഹാർബർ വരെ എത്താൻ ഏകദേശം 700 രൂപയുടെ ഇന്ധനം വേണ്ടിവരും. ഇതോടെയാണ് 7 ദിവസം മുമ്പ് വണ്ടാനത്ത് കച്ചവടം തുടങ്ങിയത്. ബാരിക്കേഡുകൾ തീർത്ത് സാമൂഹിക അകലം പാലിച്ചും മാസ്കുകൾ ധരിച്ചുമായിരുന്നു കച്ചവടം. ചെമ്മീൻ കഴന്തന് 300 രൂപയും കരിക്കാടിക്ക് 150 രൂപയുമുള്ളപ്പോൾ മത്സ്യഫെഡ് 230 രൂപയ്ക്കാണ് തോട്ടപ്പള്ളി ഹാർബറിൽ കഴന്തൻ സംഭരിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
തൊഴിലാളികളായ ഗിരീഷ് വട്ടയാൽ, സുദർശനൻ നീർക്കുന്നം, ഫൈസൽ വണ്ടാനം, ഷാജിമോൻ കാക്കാഴം, സലാവുദ്ദീൻ പുന്നപ്ര, വേണുനീർക്കുന്നം എന്നിവരാണ് അറസ്റ്റിലായത്. ഡിവൈ.എസ്.പി ജയചന്ദ്രൻ, അമ്പലപ്പുഴ സി.ഐ ടി. മനോജ്, സി.ഐ. ടി യു നേതാവ് ഷാംജി എന്നിവർ നടത്തിയ ചർച്ചയെത്തുടർന്ന് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. വില്പനയ്ക്കു വച്ചിരുന്ന വാഹനങ്ങൾ തൊഴിലാളികൾക്ക് തിരികെ നൽകി.