ആലപ്പുഴ: സാമ്പത്തിക പ്രവർത്തനങ്ങൾ സമൂഹത്തിൽ വീണ്ടും സജീവമാകുമ്പോൾ രോഗവ്യാപനത്തിന് സാദ്ധ്യതയുമുണ്ടെന്ന് മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. കളക്ടറേറ്റിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

യുവജനങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങൾ സജീവമാക്കാൻ മുന്നോട്ടുവരികയും രോഗസാദ്ധ്യത കൂടുതലുള്ള വയോജനങ്ങൾ, രോഗങ്ങളുള്ളവർ തുടങ്ങിയവർ പരിപൂർണ്ണമായി വീട്ടിൽ കഴിയുകയും വേണം. പുറത്തുപോകുന്ന യുവജനങ്ങൾ വീടുകളിൽ താമസിക്കുന്ന വയോജനങ്ങളുമായുള്ള ഇടപെടൽ കഴിയുന്നത്ര കുറയ്ക്കണം. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകുമ്പോൾ സാമൂഹിക അകലം പാലിച്ചു തന്നെ കയർമേഖലയിലെ പ്രവർത്തനങ്ങളിൽ പലതും പുനരാരംഭിക്കാൻ കഴിയും. വീടുകളിൽ കയറുപിരി നടത്തുന്നുണ്ട്. സഹകരണസംഘങ്ങളിൽ ഒരു ഷിഫ്റ്റിൽ ആറുപേരിൽ കൂടാത്ത വിധം വിവിധ ഷിഫ്റ്റുകളിലായി സാമൂഹിക അകലം പാലിച്ചുകൊണ്ട് പിരി നടത്താം. നിയന്ത്രണങ്ങളിൽ ഇളവ് നൽകുമ്പോൾ കയർ ഫാക്ടറികളിലും സാമൂഹിക അകലം പാലിച്ചുകൊണ്ട് പ്രവർത്തനങ്ങൾ നടത്താമെന്ന് മന്ത്രി പറഞ്ഞു. പ്രതിമാസം 10,000 കോടി വരുമാനം ഉള്ളിടത്ത് 8,000 കോടി കുറവാണ് ഈ മാസമുണ്ടായതെന്നും മന്ത്രി വിശദീകരിച്ചു.