ആലപ്പുഴ: ലോക്ക്ഡൗണിൽ പ്രതിസന്ധിയിലായ റബർ കർഷകരെ സഹായിക്കാൻ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മറ്റ് മേഖലകളിലെല്ലാം ആനുകൂല്യങ്ങളും സഹായങ്ങളും പ്രഖ്യാപിച്ചപ്പോഴും റബർ കർഷകരെ മറന്നത് അംഗീകരിക്കാനാവില്ല.
റബർ സ്ഥിരതാ ഫണ്ടിൽ നിന്നും 150 രൂപ വീതം സപ്പോർട്ടിംഗ് പ്രൈസ് നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും 2019 ഏപ്രിൽ മുതൽ റബർ കർഷകർക്ക് ആനുകൂല്യം നൽകാതെ കബളിപ്പിക്കുകയാണ്. റബർ കർഷകരെ സഹായിക്കുന്നതിനും സബ്‌സിഡിക്കുമായി 300 കോടി ബഡ് ജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും കർഷകരിലേക്കെത്തിയില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. 57 കോടി രൂപ ഉടൻ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും നാളിതുവരെ റബർ കർഷകർക്ക് നൽകിയില്ല. ലോക്ക്ഡൗൺ മൂലം വളരെയധികം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കർഷകരെ സഹായിക്കാൻ അടിയന്തരമായി ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.