അമ്പലപ്പുഴ: അപസ്മാര രോഗത്തെ തുടർന്ന് സന്നദ്ധ പ്രവർത്തകർ ഒരു മാസം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കരുനാഗപ്പള്ളി സ്വദേശി അനീഷിനെ (37) തേടി ഇന്നലെ ബന്ധുക്കൾ ആശുപത്രിയിലെത്തി. ഇവരുമായി പിണങ്ങി ഒറ്റയ്ക്ക് കഴിയുകയായിരുന്ന അനീഷ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുന്ന വിവരം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാണ് ബന്ധുക്കൾ അറിഞ്ഞത്.
രോഗം ഭേദമായ അനീഷിനെ ബന്ധുക്കൾ വീട്ടിലേക്കു കൊണ്ടുപോയി. ജീവനക്കാരും സന്നദ്ധ പ്രവർത്തകരും ആയിരുന്നു ആശുപത്രിയിൽ അനീഷിന് തുണയായി നിന്നത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എം. കബീർ, ഹെഡ് നേഴ്സുമാരായ പ്രീതി, ബിനു, സ്റ്റാഫ് നേഴ്സുമാരായ സുനീറ, ദീപ്തി, കൃഷ്ണവേണി, മിനു, നഴ്സിംഗ് അസിസ്റ്റന്റ് സല രാജൻ, അനീഷ്, ചവറ സാന്ത്വനം സനാതന തീരം ചെയർമാൻ ഷിഹാബുദ്ദിൻ മധുരിമ, സാമൂഹിക പ്രവർത്തകൻ നിസാർ വെള്ളാപ്പള്ളി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ്, എല്ലാവർക്കും നന്ദിപറഞ്ഞ് ബന്ധുക്കൾക്കൊപ്പം അനീഷ് മടങ്ങിയത്.