ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്ല്യാൺ യോജന പദ്ധതി പ്രകാരം എല്ലാ എ.എ.വൈ. (മഞ്ഞ), പി.എച്ച്.എച്ച്. (പിങ്ക്) റേഷൻ കാർഡുകളിലേയും ഓരോ അംഗത്തിനും 5 കി.ഗ്രാം അരി വീതം സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ സപ്ളൈ ഓഫീസർ അറിയിച്ചു.
എ.എ.വൈ.(മഞ്ഞ) കാർഡുകൾക്ക് 20, 21 തീയതികളിലാണ് വിതരണം (ആ ദിവസങ്ങളിൽ വാങ്ങാൻ കഴിയാത്തവർക്ക് 30 വരെ വാങ്ങാം). പി.എച്ച്.എച്ച് (പിങ്ക്) കാർഡുകൾക്ക് സൗജന്യ അരിയോടൊപ്പം സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റും 22 മുതൽ 30 വരെ വാങ്ങാം. തിരക്ക് കുറയ്ക്കാൻ റേഷൻ കാർഡ് നമ്പരിന്റെ അവസാന അക്കം അനുസരിച്ചാണ് വിതരണം. അവസാന അക്കം ഒന്നു മുതൽ എട്ടുവരെയുള്ള കാർഡുകൾക്ക് യഥാക്രമം 22 മുതൽ 29 വരെയും 9, 0 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്ക് 30നും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യും.
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ, റേഷൻ കാർഡ് രജിസ്റ്റർ ചെയ്ത കടയിൽ നിന്ന് സൗജന്യകിറ്റ് വാങ്ങാൻ സാധിക്കാത്തവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ വാർഡ് മെമ്പർ / മുനിസിപ്പൽ കൗൺസിലർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമീപത്തുളള റേഷൻ കടയിൽ 21ന് മുമ്പായി നൽകണമെന്നും സപ്ളൈ ഓഫീസർ അറിയിച്ചു.