ആലപ്പുഴ: കോവിഡ് മൂലം ദുരിതത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കണമെന്നു ആവശ്യപ്പെട്ട് ജനത പ്രവാസി കൾച്ചറൽ സെന്റർ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വനപ്രകാരം ജില്ലയിൽ ജെ.പി.സി.സി നേതാക്കൾ ഉപവാസ സമരം സംഘടിപ്പിച്ചു.
ആലപ്പുഴ ഹാരിസ് ഭവനിൽ നടന്ന ഉപവാസ സമരം ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി.ഹാരിസ് വീഡിയോ കാളിലൂടെ ഉദ്ഘാടനം ചെയ്തു. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ കേന്ദ്രസർക്കാർ കാട്ടുന്ന സമീപനം വഞ്ചനാപരമാണെന്ന് അദ്ദേഹം ആരോപിച്ചു. മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ പ്രവാസികൾ അന്യ രാജ്യങ്ങളിൽ മരിച്ചുവീഴുമ്പോൾ അത് മുഖവിലയ്ക്കെടുക്കാതെ പിടിവാശി കാട്ടുന്ന സർക്കാർ നിലപാട് ധിക്കാരപരവും ക്രൂരവുമാണെന്ന് ഷെയ്ഖ് പി.ഹാരിസ് ആരോപിച്ചു.
സമാപനം നാരങ്ങ നീര് നൽകി ജെ.പി.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് നസീർ പുന്നയ്ക്കൽ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ കളർകോട്, ഹുസൈൻ കളീക്കൽ, അബു മാളിയേക്കൽ, എം.കെ. നവാസ്, എം.കെ. ജമാൽ, എ. ഹബീബ്, അസീം വട്ടപ്പള്ളി, അജയൻ കല്ലേലി തുടങ്ങിയവർ പങ്കെടുത്തു. സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച്ചു കൊണ്ട് എൽ.ജെ.ഡി സംസ്ഥാന കൗൺസിൽ അംഗം സാദിക്ക് എം.മാക്കിയിൽ, യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എസ്. അജ്മൽ, എൽ.ജെ.ഡി അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് മുജീബ് റഹ്മാൻ പല്ലന, എ.ആർ. ഫാസിൽ എന്നിവർ സംസാരിച്ചു.