ചേർത്തല: പോർട്ടബിൾ വെന്റിലേറ്റർ 3500 രൂപ ചെലവിൽ നിർമ്മിച്ച എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ ധനസഹായം. മന്ത്റിമാരായ ഡോ. ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ എന്നിവരാണ് ഉപകരണത്തിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷം സഹായ പ്രഖ്യാപനം നടത്തിയത്.
തണ്ണീർമുക്കം നിവാസികളായ അനന്തകൃഷ്ണൻ, സുബിൻ കെ. ജോൺ, കിരൺ രാജേന്ദ്രൻ, മിഥുൻ ലാൽ എന്നിവരും മരുത്തോർവട്ടം സ്വദേശി എസ്. അഭിമന്യുവും പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ജ്യോതിസിന് ഒപ്പമെത്തിയാണ് കലവൂർ കെ.എസ്.ഡി.പിയിൽ വച്ച് വെന്റിലേറ്ററിന്റെ പ്രവർത്തനം വിശദീകരിച്ചത്. അഭിമന്യു ഒഴികെയുള്ളവർ ഏറ്റുമാനൂർ മംഗളം എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ്.പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സുധർമ്മ സന്തോഷ്, ബിനിത മനോജ്, ഗ്രാമഞ്ചായത്ത് അംഗം പി.എൻ.സനജ എന്നിവരും ഒപ്പമുണ്ടായിരുന്നു.12 ഡി.സി മോട്ടോർ, കൂളിംഗ് ഫാൻ, ആർ.സി ലെവൽ, ബോർഡുകൾ എന്നിവയും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ചാണ് യന്ത്റം ഒരുക്കിയത്.
വെന്റിലേറ്റർ നിർമ്മാണത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കാൻ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചതിനൊപ്പം കെ.എഫ്.സിയിൽ നിന്ന് 50,000 രൂപയും അനുവദിച്ചു. കെ.എസ്.ഡി.പി, ഐ.ടി, ആരോഗ്യ വിഭാഗങ്ങളുടെ സാങ്കേതിക സഹായം ലഭ്യമാക്കാനും നിർദ്ദേശിച്ചു. മേൽനോട്ടത്തിനായി കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു,ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോ. അനൂപ്,ഡോ.ജോയ് തോമസ് എന്നിവരെ ചുമതലപ്പെടുത്തി. പോർട്ടബിൾ വെന്റിലേറ്ററുകളുടെ പ്രസക്തി കണ്ടറിഞ്ഞ് ഏറ്റെടുത്ത സംസ്ഥാന സർക്കാരിനെ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു.