ഹരിപ്പാട്: അലമാര തുറക്കുന്നതിനിടെ വൈദ്യുത വയറിൽ നിന്ന് ഷോക്കേറ്റ് ഒൻപതുമാസം ഗർഭിണിക്ക് ദാരുണാന്ത്യം.
ഹരിപ്പാട് പള്ളിപ്പാട് വെട്ടുവേനി രാഹുൽഭവനത്തിൽ ഹരികുമാറിന്റെ മകളും വിഷ്ണുവിന്റെ ഭാര്യയുമായ ഹരിത (23) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു ദുരന്തം. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസവം നടക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. ചെക്കപ്പിന് പോകാനായി ഫയൽ എടുക്കാൻ അലമാര തുറന്നപ്പോൾ വൈദുതഘാതമേൽക്കുകയായിരുന്നു. വീടിനു പുറത്തേക്ക് അലമാരയുടെ മുകളിലൂടെ വലിച്ചിരുന്ന വയറിൽ നിന്ന് വൈദുതി പ്രവഹിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഉടൻ തന്നെ 108 ആംബുലൻസ് വിളിച്ചെങ്കിലും അതുവഴി എത്തിയ, പൊലീസ് വിരലടയാള വിദഗ്ദ്ധരുടെ വാഹനത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. മിനിയാണ് മാതാവ്. സഹോദരൻ: രാഹുൽ.
ഷോക്കേറ്റുള്ള മരണമായതിനാൽ കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിച്ചില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.