ആലപ്പുഴ: ഓച്ചിറ സ്വദേശിയായ യുവതിയെ നഗ്ന ചിത്രങ്ങൾ പകർത്തി പീഡിപ്പിക്കുകയും വിവാഹ വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്ത, മാവേലിക്കര ബാർ അസോസിയേഷൻ അംഗവും എൻ.സി.പി നേതാവുമായ മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്യാതെ പൊലീസ് നാടകം കളിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ആരോപിച്ചു.

പാലത്തായി പോക്സോ കേസിൽ സംശയത്തിന്റെ ആനുകൂല്യം പോലും നൽകാതെ, ആരോപണ വിധേയനായ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാൻ കല്പിച്ച ആരോഗ്യ മന്ത്രിയുടെ ധാർമികരോഷം ഓച്ചിറയിലെ പീഡനക്കേസ് പ്രതി മുജീബ് റഹ്മാനുമേൽ കാണാത്തത് ശുദ്ധമായ ഇരട്ടത്താപ്പാണ്. എ.ബി.വി.പി പ്രവർത്തകനായിരുന്ന വിശാലിന്റെ കൊലപാതക കേസിൽ ഉൾപ്പെട്ട പോപ്പുലർ ഫ്രണ്ടുകാരായ പ്രതികളെ സംരക്ഷിച്ചതും ഇസ്രത് ജഹാൻ കേസിൽ കൊല്ലപ്പെട്ട പ്രാണേഷ് പിള്ളയുടെ പിതാവിനെക്കൊണ്ട് അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എതിരെ കേസ് കൊടുത്തതിനു പിന്നിലും മുജീബ് റഹ്മാനാണെന്നുള്ള ഗുരുതരമായ ആരോപണങ്ങളാണ്‌ പുറത്ത് വരുന്നത്. മുജീബ് റഹ്മാന്റെ തീവ്രവാദ ബന്ധങ്ങൾ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്കും എൻ.ഐ.എ അടക്കമുള്ള ഏജൻസികൾക്കും ഹിന്ദു ഐക്യവേദി കത്ത് നൽകിയിട്ടുണ്ടെന്നും കെ.പി.ശശികല പറഞ്ഞു.