photo

ചേർത്തല: കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെ കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് നടത്തിയ പച്ചക്കറി കൃഷിയിൽ മികച്ച വിളവ്. വിളവെടുപ്പ് ഉദ്ഘാടനം ആർ.നാസർ നിർവഹിച്ചു.

മുഴുവൻ പച്ചക്കറികളും കഞ്ഞിക്കുഴിയിലെ ജനകീയ ഭക്ഷണശാലയിലേയ്ക്ക് വേണ്ടി ചെയർമാൻ എസ്.രാധാകൃഷ്ണൻ ഏ​റ്റുവാങ്ങി. ബാങ്കിന് സമീപമുള്ള 70 സെന്റ് പാട്ടത്തിനെടുത്താണ് കൃഷി നടത്തിയത്. പടവലവും പീച്ചിലും പയറും പാവയ്ക്കയുമൊക്കെ സമൃദ്ധമായി ലഭിച്ചു. ഇതിനോടൊപ്പം കൃഷി ചെയ്ത ചീര ഇതിനകം ആയിരം കിലോയോളം വിറ്റു. അടുത്ത ദിവസം ബാങ്കിലെത്തുന്ന ഇടപാടുകാർക്ക് പച്ചക്കറികൾ സൗജന്യമായി നൽകുമെന്ന് പ്രസിഡന്റ് അഡ്വ.എം സന്തോഷ് കുമാർ പറഞ്ഞു. ജി.ഉദയപ്പൻ കൺവീനറായ കാർഷിക ഗ്രൂപ്പാണ് കൃഷിക്ക് നേതൃത്വം കൊടുത്തത്. കോഴിവളവും ചാണകവും മാത്രമാണ് ഉപയോഗിക്കുന്നത്. രണ്ടു നേരം ജലസേചനം നടത്തേണ്ടിവന്നെലും കനത്ത വിളവ് ഇവർക്ക് സന്തോഷം പകരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കപ്പലണ്ടി കൃഷി നേരത്തേ വിളവെടുത്തിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാ​റ്റിൽ വാഴക്കൃഷി നശിച്ചിരുന്നു. ഭരണസമിതിയംഗങ്ങളായ ജി.മുരളി,ടി.ആർ.ജഗദീശൻ,കെ.ഷൺമുഖൻ,ജി.ഉദയപ്പൻ,സെക്രട്ടറി പി. ഗീത, പി.സലിമോൻ, പ്രസിഡന്റ് അഡ്വ.എം സന്തോഷ് കുമാർ എന്നിവർ വിളവെടുപ്പിൽ പങ്കെടുത്തു.