ആലപ്പുഴ: ജില്ലയിലെ പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ വഴി ഇന്നലെ ഭക്ഷണം വിതരണം ചെയ്തത് 11,476 പേർക്ക്. 1012 പേർക്ക് ഭക്ഷണം നൽകിയ കണ്ടല്ലൂർ പഞ്ചായത്താണ് മുന്നിൽ.

30 പഞ്ചായത്തുകളിൽ നൂറിൽ താഴെ പേർക്ക് മാത്രമേ ഭക്ഷണ വിതരണം നടന്നുള്ളൂ. 200നും 300 നും ഇടയിൽ ആളുകൾക്ക് ഭക്ഷണം നൽകിയത് 15 പഞ്ചായത്തുകളാണ്. 8 പഞ്ചായത്തുകൾ മാത്രമാണ് 300 ന് മുകളിൽ ഭക്ഷണ വിതരണം നടത്തിയത്. കമ്മ്യൂണിറ്റി കിച്ചണുകൾ വഴിയുള്ള ഭക്ഷ്യ വിതരണം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗം തീരുമാനമെടുത്തതിനെ തുടർന്ന് ഇന്നലെ 1400 ഓളം പേർക്ക് കൂടുതലായി ഭക്ഷണം കൊടുക്കാൻ കഴിഞ്ഞു. എന്നാൽ, ഭക്ഷണ വിതരണത്തിൽ ആദ്യം മുതൽ പിന്നിലുള്ള ചില പഞ്ചായത്തുകൾ ഇപ്പോഴും മുന്നോട്ടു വരാത്തത് ജില്ലാ ഭരണകൂടം ഗൗരവമായിട്ടാണ് കാണുന്നത്. ഈ പഞ്ചായത്തുകളിലെ സെക്രട്ടറിമാരിൽ നിന്ന് വിശദീകരണം തേടാനാണ് തീരുമാനം.