 സർക്കാർ ഓഫീസുകളിൽ ശുചീകരണം തുടങ്ങി

ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവ് ജില്ലയിൽ ഇന്ന് നിലവിൽ വരും. മേയ് മൂന്നിന് ലോക്ക്ഡൗൺ പൂർണ്ണമായും അവസാനിക്കും വരെ കെ.എസ്.ആർ.ടി.സി, ജലഗതാഗ വകുപ്പ് സർവീസുകൾ ഉണ്ടായിരിക്കില്ല. സർക്കാർ ഓഫീസുകൾ ഇന്നു മുതൽ ക്രമേണ മോചിതമാകും.

അവശ്യ സർവീസിന്റെ ഭാഗമായതിനാൽ പഞ്ചായത്ത്, താലൂക്ക് ഓഫീസുകൾ ലോക്ക്ഡൗൺ കാലത്തും പ്രവർത്തിച്ചിരുന്നു. കോടതികൾ, വില്ലേജ് ഓഫീസുകൾ, വിദ്യാലയങ്ങൾ, ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് ഓഫീസുകൾ, നഗരസഭകൾ, കൃഷി ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങി 54 ഓഫീസുകൾ നാലാഴ്ച പൂർണ്ണമായി അടഞ്ഞുകിടന്നു. ഫയലുകളൊക്കെ പൊടിപിടിച്ച അവസ്ഥയിലാവും. ശുചീകരിക്കാൻ മതിയായ ജീവനക്കാർ ഇല്ലാത്ത ഓഫീസുകളുടെ മേലധികാരികൾ പഞ്ചായത്തുകളുടെ സഹായത്തോടെ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. കോടതികളിലും വിദ്യാലയങ്ങളിലും മതിയായ ജീവനക്കാർ ശുചീകരണത്തിനുണ്ടെന്ന് അധികൃതർ പറഞ്ഞു.

ഇത്രയും ദിവസം അടഞ്ഞു കിടന്നതിനാൽ ഓഫീസും പരിസരവും ശുചീകരിച്ചിട്ടു മാത്രമേ പ്രവർത്തനം ആംഭിക്കാവൂ എന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ പല ഓഫീസുകളും ഫയർഫോഴ്സിന്റെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹകരണത്തോടെ ശുചീകരിച്ചു. ഫയലുകൾ നനയുമെന്നതിനാൽ ഓഫീസുകൾക്കുള്ളിൽ ഫോഗിംഗാണ് നടത്തിയത്. 36 കോടതികളിലും ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഇന്ന് ശുചീകരണവും അണുനശീകരണ പ്രവർത്തനവും നടത്തും.

...........................................

 ജില്ലയുടെ അതിർത്തികൾ ബന്ധിപ്പിക്കുന്ന 9 പാതകളിലും കർശന പരിശോധനയുണ്ട്

 ഹൗസ് ബോട്ടുകളിൽ ഐസൊലേഷൻ സംവിധാനം ഏർപ്പെടുത്തി

 നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർ കൂടുതലുള്ള മേഖലയിൽ ജാഗ്രത

 മത്സ്യ-കയർ-കാർഷിക മേഖലകൾ നിബന്ധന പാലിച്ചു പ്രവർത്തിക്കാം

 ഒരുമീറ്റർ സാമൂഹിക അകലം പാലിച്ച് കയർപിരിക്കാം

................................................

# യാത്ര ബുദ്ധിമുട്ടാവും

യാത്രാബുദ്ധിമുട്ട് ജീവനക്കാരെ വലയ്ക്കും. ഉയർന്ന തസ്തികയിലുള്ള ജീവനക്കാർ എല്ലാവരും എത്തണം. സ്വന്തമായി വാഹനമില്ലാത്ത താഴ്ന്ന വിഭാഗം ജീവനക്കാരാവും കുഴയുന്നത്. ഇവർക്ക് യാത്രാനിയന്ത്രണം കഴിയും വരെ വീടിനടുത്തുള്ള, അതത് വിഭാഗങ്ങളിലെ ഓഫീസുകളിൽ പ്രവർത്തിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

....................................

ജില്ലയിലെ 740 സ്കൂളുകളിലും ജീവനക്കാർ ഇന്ന് ഓഫീസും സ്കൂൾ പരിസരവും ശുചീകരിക്കും. 31ശതമാനം ജീവനക്കാരും ഹാജരാകാൻ നിർദേശം നൽകി. അവധിക്കാലത്തെ വാർഷിക അറ്റകുറ്റ ജോലികൾ ലോക്ക്ഡൗണിലെ ഇളവുകൾക്ക് അനുസരിച്ച് തുടങ്ങും

(ധന്യ എസ്.കുമാർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ)

.....................................

72 ഗ്രാമപഞ്ചായത്ത് ഓഫീസുകൾ, 12 ബ്ളോക്ക് പഞ്ചായത്ത് ഓഫീസുകൾ, ആറ് നഗരസഭ ഓഫീസുകൾ എന്നിവയുടെ ഫ്രണ്ട് ഓഫീസും പരിസരവും ഫയർഫോഴ്സിന്റെയും ജീവനക്കാരുടെയും സഹായത്തോടെ ശുചീകരിച്ചു തുടങ്ങി. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും ഉറപ്പാക്കി. ഓഫീസ് പ്രവർത്തനം ആംഭിക്കുന്ന മുറയ്ക്ക് വാർഡ് തല മഴക്കാല പൂർവ ശുചീകരണ ജോലികൾ ആരംഭിക്കും

(പി.എം.ഷെഫീഖ്, ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത് വകുപ്പ്)