ആലപ്പുഴ:അന്യസംസ്ഥാന തൊഴിലാളികൾക്കും ജീവിതശൈലി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ചികിത്സ ലഭ്യമാക്കാൻ ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലും ഗൃഹസന്ദർശനം അടക്കമുള്ള സംവിധാനങ്ങളുമായി മൊബൈൽ ഹെൽത്ത് ടീമുകൾ രംഗത്തിറങ്ങി.

വാഹനങ്ങളുടെ ഫ്‌ളാഗ് ഒഫ് മന്ത്റി ജി.സുധാകരൻ നിർവ്വഹിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ല മികച്ച രീതിയിലാണ് മുന്നോട്ടപോകുന്നതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെയും മ​റ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും ഒ​റ്റക്കെട്ടായുള്ള പ്രവർത്തനങ്ങളാണ് ഇതിന് പിന്നിലെന്നും രോഗത്തിനെതിരെ ഇനിയുള്ള ദിവസങ്ങളിലും ശക്തമായ ജാഗ്രത തന്നെ തുടരണമന്നും മന്ത്റി അഭിപ്രായപ്പെട്ടു.

കുട്ടനാടിന്റ വിസ്തീർണ്ണവും ഭൂപ്രകൃതിയും കണക്കിലെടുത്ത് രണ്ട് മെഡിക്കൽ ടീമുകളുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇത്തരത്തിൽ ആകെ 10 മൊബൈൽ ഹെൽത്ത് ടീമുകളാണ് ജില്ലയിൽ പ്രവർത്തിക്കുക. ഡോക്ടർ, നേഴ്‌സ്, ഫാർമസിസ്​റ്റ് എന്നിവരെ കൂടാതെ ജില്ലാ കുടുംബ സമിതി എന്ന എൻ.ജി.ഒ നിയോഗിച്ചിരിക്കുന്ന ഹിന്ദി സംസാരിക്കുന്ന ഒരാളും മെഡിക്കൽ സംഘത്തിലുണ്ടാവും. ലോക്ക്ഡൗൺ മൂലം പല പ്രദേശങ്ങളിലും ആളുകൾ വീടുവിട്ട് പുറത്തേക്ക് ഇറങ്ങാത്തതും പല മരുന്നുകളുടേയും ലഭ്യതക്കുറവും കണക്കിലടുത്താണ് മൊബൈൽ ഹെൽത്ത് ടീമുകളുടെ സേവനം ഉറപ്പു വരുത്തുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി പറഞ്ഞു.

വീടു വിട്ട് പുറത്ത് പോകാൻ സാധിക്കാത്ത ഹൃദ്റോഗികൾ, കിടപ്പുരോഗികൾ തുടങ്ങിയവർക്ക് മൊബൈൽ ഹെൽത്ത് ടീമിന്റെ സേവനം ഏറെ ആശ്വാസകരമായിരിക്കുമെന്നും അവർ വ്യക്തമാക്കി. നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.ആർ. രാധാകൃഷ്ണൻ, സന്തോഷ് കുമാർ, ജ്യോതിഷ്, സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.