ആലപ്പുഴ:കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്റി ഗരീബ് കല്ല്യാൺ യോജന പദ്ധതി പ്രകാരമുള്ള 5 കിലോ അരി വിതരണം ഇന്നാരംഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
കാർഡ് ഉടമകൾ റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോണുമായി എത്തണം.
എ.എ.വൈ (മഞ്ഞ) കാർഡുകൾക്ക് ഇന്നും നാളെയുമാണ് വിതരണം. (ഈ ദിവസങ്ങളിൽ വാങ്ങാൻ കഴിയാത്തവർക്ക് 30 വരെ വാങ്ങാം). പി.എച്ച്.എച്ച് (പിങ്ക്) കാർഡുകൾക്ക് സൗജന്യ അരിയോടൊപ്പം സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യകി​റ്റും 22 മുതൽ 30 വരെ വാങ്ങാം. റേഷൻ കാർഡ് നമ്പരിന്റെ അവസാന അക്കം ഒന്ന് മുതൽ എട്ട് വരെയുള്ളവർക്ക് യഥാക്രമം 22 മുതൽ 29 വരെ ഇത് വാങ്ങാം. 9, 0 എന്നീ അവസാന അക്കങ്ങളുള്ളവർക്ക് 30 നാണ് വിതരണം.

റേഷൻ കാർഡ് രജിസ്​റ്റർ ചെയ്ത കടയിൽ നിന്ന് സൗജന്യകി​റ്റ് വാങ്ങാൻ സാധിക്കാത്തവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ വാർഡ് മെമ്പർ / മുനിസിപ്പൽ കൗൺസിലർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമീപത്തുളള റേഷൻ കടയിൽ 21 ന് മുമ്പ് നൽകണം