ആലപ്പുഴ:കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സമയമെടുക്കുമെന്ന് വ്യാപാരികൾ. നിറുത്തി വച്ചിരുന്ന വാറ്റ് കുടിശിക പിരിവ് പുനരാരംഭിക്കാൻ നോട്ടീസ് നൽകിയത് വ്യാപാരമേഖലയ്ക്ക് തിരിച്ചടിയാവുമെന്നും അവർ പറയുന്നു.
ചെറുതും വലുതുമായ 14 ലക്ഷം വ്യാപാരികളാണ് സംസ്ഥാനത്തുള്ളത്.
ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു ദിവസങ്ങൾക്ക് മുമ്പേ ബിസിനസ് ഗണ്യമായി കുറഞ്ഞിരുന്നു. രോഗവ്യാപനത്തെക്കുറിച്ചുള്ള ആശങ്ക പ്രധാന കാരണമായി.
കേരളത്തിൽ 6000 കടകളിലായി 12 ലക്ഷം ചാക്ക് സിമന്റാണ് കെട്ടിക്കിടക്കുന്നത്.ലോറികളിൽ കയറ്റുകയും ലോക്ക്ഡൗൺ കാരണം ഗോഡൗണുകളിൽ എത്തിക്കാൻ കഴിയാത്തതുമായ സ്റ്റോക്ക് വേറെ.ജി.എസ്.ടി ഉൾപ്പെടെ ഇതിന്റെ പണം അടച്ചിട്ടുള്ളതാണ്.സിമന്റ് മേഖലയിൽ മാത്രം 50 കോടിയെങ്കിലും നഷ്ടമായേക്കും.കാലാവധി കഴിയാറായ ഉത്പന്നങ്ങൾ കമ്പനികൾ തിരിച്ചെടുക്കുമെന്ന് സമാധാനിക്കാം.
സിഗരറ്റ്, ബീഡി, തീപ്പെട്ടി തുടങ്ങിയവ ഒരു മാസത്തോളം കെട്ടിക്കിടന്നാൽ ഉപയോഗ ശൂന്യമാവും.ഇവ തിരിച്ചെടുക്കില്ല.
സർക്കാർ പ്രഖ്യാപനപ്രകാരം, സ്ഥാപനങ്ങൾ അടഞ്ഞു കിടന്ന സമയത്തെ വേതനവും തൊഴിലാളികൾക്ക് കൊടുക്കണം.വൻ സാമ്പത്തിക അടിത്തറയുള്ള വ്യാപാരികൾ ചെറിയ ശതമാനം മാത്രമാണ്.
ഓൺലൈൻ ഭീഷണി ഒഴിഞ്ഞു
സ്ഥാപനങ്ങൾ തുറന്നാലും വ്യാപാരം പഴയ നിലയിലാവാൻ സമയമെടുക്കും. ഓൺലൈൻ വ്യാപാരം സജീവമായാൽ വലിയൊരു പങ്ക് ഉപഭോക്താക്കളെ നഷ്ടമാവുകയും ചെയ്യും.ഓൺലൈൻ വ്യാപാരം തൽക്കാലം നിയന്ത്രിക്കാനുള്ള കേന്ദ്രതീരുമാനം ആശ്വാസമാണ്.
പ്രതിസന്ധിയിൽ നിന്ന് വ്യാപാരികളെ കരകയറ്റാൻ സർക്കാർ വ്യാപാരി രക്ഷാ പാക്കേജ് പ്രഖ്യാപിക്കണം. വാറ്റ് കുടിശിക പിരിവിൽ നിന്ന് പിന്തിരിയണം
(രാജു അപ്സര, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി)