ആലപ്പുഴ: കൊവിഡിന്റെ മറപിടിച്ച് പാണാവള്ളി പഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ പകൽകൊള്ള നടക്കുകയാണെന്ന് പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.എസ്.രാജേഷ് ആരോപിച്ചു.
കുടുംബശ്രീ അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 20,000 രൂപ ലഭിക്കാനു അപേക്ഷാഫോറം വിതരണത്തിലാണ് വൻ അഴിമതി നടത്തുന്നത്. എട്ട് പേജുള്ള ഫോറം തൈക്കാട്ടുശേരി, പള്ളിപ്പുറം ഉൾപ്പെടെയുള്ള പല പഞ്ചായത്തുകളും സൗജന്യമായി വിതരണം ചെയ്യുമ്പോൾ പാണാവള്ളി പഞ്ചായത്ത് 40 രൂപയാണ് അയൽക്കൂട്ടങ്ങളിൽ നിന്നു വാങ്ങുന്നത്. പഞ്ചായത്ത് ഓഫീസിലും കുടുംബശ്രീ സി.ഡി.എസ് ഓഫീസിലും ഫോട്ടോസ്റ്റാറ്റ് മെഷീനും കമ്പ്യൂട്ടർ സംവിധാനവും നിലവിലുള്ളപ്പോൾ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ഫോറം സൗജന്യമായി വിതരണം ചെയ്യാൻ പഞ്ചായത്തിന് സാധിക്കുമായിരുന്നു. എന്നാൽ പഞ്ചായത്ത് ഭരണസമിതി അഴിമതി നടത്താനായി പഞ്ചായത്തംഗത്തിന്റെ ഡി.ടി.പി സെന്ററിൽ നിന്നു കോപ്പിയെടുപ്പിച്ച് ആ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ വാർഡുകളിൽ സി.ഡി.എസ് അംഗങ്ങൾക്ക് ഫോറം നൽകുകയായിരുന്നു. 40 രൂപ വീതം ഒരു അയൽക്കൂട്ടത്തിൽ നിന്നു വാങ്ങാനായിരുന്നു നിർദ്ദേശം. സി.ഡി.എസ് ചെയർപേഴ്സണിന്റെ വാർഡിലെ 22 അയൽക്കൂട്ടങ്ങളിൽ നിന്നു 40 രൂപ വീതം വാങ്ങിയെങ്കിലും വിവാദമായപ്പോൾ പണം തിരിച്ച് നൽകി. പ്രസിഡന്റ് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.