a

മാവേലിക്കര: ലോക്ക് ഡൗൺ അവധിക്കാലം വേറിട്ട അനുഭവമാക്കി മാറ്റിയിരിക്കുകയാണ് വിദ്യാർത്ഥികളായ ഓലകെട്ടിയമ്പലം സ്വദേശിനി ആവണിയും കുളഞ്ഞിക്കാരാഴ്മ സ്വദേശിനി ശ്രുതി രാജും.

കല്ലുമല ബിഷപ്മൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ ആവണി വിജയൻ കാലിക്കുപ്പികൾ ശേഖരിച്ച് ഫാബ്രിക് പേയിന്റ് അടിച്ചും കയർ പാകിയും ഗോതമ്പ് പൊടിയും അരിപ്പൊടിയും കുപ്പിയിൽ ഒട്ടിച്ച് കളർ അടിച്ചും വിവിധതരം കലാവിസ്മയങ്ങളാണ് ഒരുക്കിയത്. പലതരം കമ്മലുകളും ഉണ്ടാക്കുന്നുണ്ട്. മാവേലിക്കരയിൽ പുലരി പവർ ടൂൾ എന്ന സ്ഥാപനം നടത്തുന്ന വിജയന്റെയും സലീനയുടെയും മകളാണ്. ലോക്ക്ഡൗൺ ആയതിനാൽ സ്ഥാപനം തുറക്കാതിരിക്കുന്ന സമയത്ത് പച്ചക്കറി കൃഷിയിൽ ഏർപ്പെട്ടിരിക്കുകയാണ് വിജയൻ. സലീനയാവട്ടെ പൂന്തോട്ടം വിപുലീകരിക്കുന്ന തിരക്കിലും. എങ്കിലും മകളുടെ കഴിവുകളെ ഇവർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

കുളഞ്ഞിക്കാരാഴ്മ പുത്തൻപുരതെക്കേതിൽ പ്രദേശത്തെ ആദ്യകാല നാടക പ്രവർത്തകനായിരുന്ന പി.എൻ.ആർ എന്നറിയപ്പെടുന്ന പി.എൻ. രാജന്റെ മകളാണ് കായംകുളം എം.എസ്.എം കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ ശ്രുതി രാജ്. ഉപേക്ഷിച്ച കാലിക്കുപ്പികളിൽ വർണ്ണ മനോഹരമായ ചിത്രങ്ങളാണ് ശ്രുതിയുടെ കരവിരുതിൽ വിരിഞ്ഞിരിക്കുന്നത്. ഒപ്പം പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഇവയെ കൂടുതൽ മനോഹരമായ കരകൗശല വസ്തുക്കളാക്കി മാറ്റിയിട്ടുമുണ്ട് ശ്രുതി.