ആലപ്പുഴ:വാ​റ്റിൽ നിലവിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാതെ ഓരോ വ്യാപാരിയുടെയും തലയിൽ ഇല്ലാത്ത കണക്കുകൾ കെട്ടിയേൽപ്പിച്ച് വൻ തുകകൾ പിരിച്ചെടുക്കാനുള്ള ധനമന്ത്റിയുടെ ശ്രമം വിലപ്പോവില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്റട്ടറി രാജു അപ്സര പറഞ്ഞു.

കുറെ നാൾ മുമ്പ് കഞ്ഞിക്ക് വകയില്ലാത്ത ചെറുകിട വ്യാപാരികൾക്ക് വരെ വാ​റ്റിന്റെ പേരിൽ ലക്ഷങ്ങൾ അടയ്ക്കാൻ നികുതി വകുപ്പ് നോട്ടീസയച്ചത് വിവാദമായപ്പോൾ ധനമന്ത്റി ഇടപെട്ട് എല്ലാം നിറുത്തിവച്ചതാണ്. അന്ന് സർവർ തകരാറാണെന്ന് പറഞ്ഞ ധനമന്തിക്ക് ഇപ്പോൾ എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. വാ​റ്റ് നോട്ടീസുകൾ വീണ്ടും അയയ്ക്കാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി വ്യാപാര ഭവനുകളിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ഉപവാസ സമരത്തിന്റെ ഉദ്ഘാടനം കോഴിക്കോട് വ്യാപാരഭവനിൽ സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ നിർവഹിച്ചു. രാജു അപ്‌സര ആലപ്പുഴ ജില്ലയിലെ ഉപവാസ സമരത്തിന് നേതൃത്വം നൽകി.