മാവേലിക്കര: കൊവിഡ് കാരണം യാത്ര മുടങ്ങിയ പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാരോട് വിമാനക്കമ്പനികൾ കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു.
വിമാനകമ്പനികൾ യാത്രക്കാരുടെ ടിക്കറ്റ് തുക മടക്കി നൽകാതെ കൊള്ളയടിക്കുകയാണ്. വിഷയത്തിൽ വ്യക്തമായ ഉത്തരവുകൾ പുറപ്പെടുവിക്കാതെ കേന്ദ്ര വ്യോമ ഗതാഗത വകുപ്പ് വിമാനക്കമ്പനികൾ നടത്തുന്ന പകൽകൊള്ളയ്ക്ക് ഒത്താശ ചെയ്യുന്നു. പല പ്രവാസികളും അവധിക്കാലത്ത് നാട്ടിൽ വരാനായി കുട്ടികളുടേത് ഉൾപ്പെടെ വൻതുകയ്ക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്‌തിരുന്നതാണ്. പലർക്കും ശമ്പളം ലഭിക്കാത്തതും ജോലി നഷ്ടപ്പെടുന്നതുമായ സാഹചര്യം നിലനിൽക്കുമ്പോൾ അവരുടെ വിമാനടിക്കറ്റിന്റെ തുക മുഴുവനായും തിരികെ നൽകാൻ കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.