ഹരിപ്പാട്: അലമാര തുറക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച യുവതിയുടെ വിയോഗം വെട്ടുവേനി നിവാസികൾക്ക് നടുക്കുന്ന ഓർമ്മയായി.
പള്ളിപ്പാട് വെട്ടുവേനി രാഹുൽഭവനിൽ ഹരികുമാർ - മിനി ദമ്പതികളുടെ മകൾ ഹരിതയാണ് (23) ശനിയാഴ്ച വൈകിട്ട് നാടിന്റെ നോവായത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെ രാവിലെ തഹസിൽദാർ ദിലീപ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ ഹരിപ്പാട് എസ്.ഐ. എം.ഹുസൈൻ ഇൻക്വസ്റ്റ് ചെയ്തു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഉച്ചയ്ക്ക് 12മണിയോടെ പൊലീസ് മൃതദേഹം വീട്ടിലെത്തിച്ചു.ആരോഗ്യ പ്രവർത്തകരും ഹർട്ട് സംഘടനയും അണു നശീകരണ പ്രവർത്തനം നടത്തി. ലോക്ക്ഡൗൺ ആയതിനാൽ നടപടി ക്രമങ്ങൾ പാലിച്ചാണ് ബന്ധുക്കളേയും മറ്റും മൃതദേഹം കാണിച്ചത്. ഹരിതയുടെ മാതൃസഹോദരി പുത്രൻ നന്ദു ചിതയ്ക്ക് തീ കൊളുത്തി.