മാവേലിക്കര: പീഡനക്കേസിൽ പ്രതിയായ എൻ.സി.പി നേതാവ് അഡ്വ. മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് കലാ രമേശിന്റെ നേതൃത്വത്തിൽ നൂറനാട് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മുജീബിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും 2000 ജനുവരി ഒന്നിന് ശേഷം ബന്ധുക്കളുടെ പേരിൽ വാങ്ങിക്കൂട്ടിയ ബിനാമി വസ്‌തു വകകളെക്കുറിച്ചും വിജിലൻസും, എൻ.ഐ.എ പോലുള്ള കേന്ദ്രഏജൻസികളും അന്വഷിക്കണമെന്ന് മഹിളമോർച്ച ആവശ്യപ്പെട്ടു. പൊലീസ് അനാസ്ഥ തുടരുകയാണെങ്കിൽ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ ശക്തമായ തുടർ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് പൊന്നമ്മ സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ശാന്തകുമാരി, മാവേലിക്കര നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ അംബികാദേവി, രാജമ്മ ഭാസുരൻ, സെക്രട്ടറിമാരായ രാജശ്രീ, സുശീല എന്നിവർ സംസാരിച്ചു..
ബി.ജെ.പി മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ. അനൂപ് നൂറനാട് സ്റ്റേഷനിൽ എത്തി മുജീബ് റഹ്മാന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രേഖാമൂലം പരാതി നൽകി. ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ, സെക്രട്ടറി കെ.ആർ. പ്രദീപ്, യുവമോർച്ച നേതാവ് സുധി താളീരാടി, സന്തോഷ് ചത്തിയറ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.