ചേർത്തല: തണ്ണീർമുക്കം ബണ്ട് തുറന്ന് നീരൊഴുക്ക് സാദ്ധ്യമാക്കാത്തത് നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ കടുത്ത ദുരിതത്തിലാക്കിയതായി മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) മുഹമ്മ ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി. ചില കൃഷിക്കാരുടെ മാത്രം താല്പര്യത്തിന് തുള്ളുന്ന പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ ദുർവാശി മൂലമാണ് ഷട്ടറുകൾ തുറക്കാത്തത്. ഷട്ടറുകൾ മാർച്ച് 15 ന് ഉയർത്തി വേമ്പനാട്ടുകായലിലെ നീരൊഴുക്ക് സാദ്ധ്യമാക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ ഇതുവരെയായിട്ടും ഷട്ടർ തുറന്നിട്ടില്ലെന്നു മാത്രമല്ല മേയ് 15 വരെ നീട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചെന്നും അറിയുന്നു. തണ്ണീർമുക്കത്ത് മത്സത്തൊഴിലാളികൾ നിരവധി സമരങ്ങൾ സംഘടിപ്പിച്ചതിനേത്തുടർന്നാണ് ബണ്ടിന്റെ ഷട്ടറുകൾ താഴ്ത്താനും ഉയർത്താനും വ്യവസ്ഥാപിതമായ തീയതികൾ സർക്കാർ തീരുമാനിച്ചിട്ടുള്ളത്.ആ തീരുമാനങ്ങളാണ് ഇപ്പോൾ ആലപ്പുഴ,കോട്ടയം ജില്ലാ കളക്ടർമാർ ലംഘിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്ന് യൂണിയൻ പ്രസിഡന്റ് കെ.എൻ. ബാഹുലേയനും സെക്രട്ടറി എം. ഷാനവാസും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.