ടാർജറ്റ് പൂർത്തിയാക്കലും മുടങ്ങി
ആലപ്പുഴ: ഇടവേളയ്ക്ക് ശേഷം കീഴ്ക്കോടതികൾ ഇന്നു പ്രവർത്തനം ആരംഭിക്കവേ, ജീവനക്കാരെ കാത്തിരിക്കുന്നത് കേസുകളുടെ കൂമ്പാരം. കെട്ടിക്കിടക്കുന്നവയ്ക്ക് പുതിയ തീയതി ഇട്ട് ഫയൽ ചെയ്യുന്നത് മുതൽ ആയിരക്കണക്കിന് കേസുകളുടെ തുടർനടപടികളാണ് ജീവനക്കാരെ കാത്തിരിക്കുന്നത്.
സാമൂഹിക അകലം പാലിക്കേണ്ടതിനാൽ മൂന്നിലൊന്ന് ജീവനക്കാർ മാത്രമാണ് ദിവസേന ജോലിക്കെത്തുക. ഒന്നിടവിട്ടുള്ള ദിവസങ്ങളിലെത്തേണ്ട രീതിയിലാണ് ഓരോരുത്തർക്കും ഡ്യൂട്ടി നൽകിയിരിക്കുന്നത്. മാർച്ച് 25 മുതൽ വിളിക്കേണ്ടിയിരുന്ന കേസുകളുടെ പേപ്പർ വർക്കുകളാണ് ആദ്യ ഘട്ടത്തിൽ തീർപ്പാക്കുക. എല്ലാ വർഷവും മാർച്ചോടെ പരമാവധി കേസുകൾ തീർപ്പാക്കി ടാർജറ്റ് പൂർത്തിയാക്കുന്ന രീതിയും ഇത്തവണ മുടങ്ങി.
കോടതികൾക്ക് മേയ് 17 വരെ വേനലവധിയാണ്. എന്നാൽ തീർപ്പാക്കാതെ കിടക്കുന്ന കേസുകളുടെ നടപടികൾക്കായി ജീവനക്കാർ ജോലിയിൽ പ്രവേശിക്കും. ഒരു മാസത്തിനുള്ളിൽ വിളിക്കേണ്ടിയിരുന്ന സകല കേസുകളുടെയും തീയതി മാറ്റണമെന്ന വലിയ ജോലിയാണ് ആദ്യം ജീവനക്കാരെ കാത്തിരിക്കുന്നത്.
റിമാൻഡ് പ്രതികളുടെ ജാമ്യാപേക്ഷ ഉൾപ്പടെയുള്ള കേസുകൾ വീഡിയോ കോൺഫറൻസ് വഴി പരിഹരിക്കാം. അത്യാവശ്യമെങ്കിൽ സിവിൽ കേസുകൾ പരിഗണിക്കാനും ഫയൽ സ്യൂട്ട് ചെയ്യാനും തടസമില്ല. ഹൈക്കോടതിയുടെ മുൻകൂർ അനുമതി വാങ്ങി സാമൂഹിക അകലം പാലിച്ചുവേണം നടപടിയെന്നു മാത്രം. കേസുകളുടെ രേഖകൾ ഓൺലൈനായാണ് സൂക്ഷിക്കുന്നതും ഹാജരാക്കുന്നതും. ലോക്ക് ഡൗണിനു ശേഷമേ പേപ്പർ ഫയലുകൾ സമർപ്പിക്കൂ.
ഇ- കോർട്സ്
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളുടെ നിലവിലെ സ്ഥിതിവിവരങ്ങളും കോടതി ഉത്തരവുകളും ഇ- കോർട്സ് എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. കേസ് നമ്പർ, എഫ്.ഐ.ആർ നമ്പർ, പേര് എന്നിവ നൽകിയാൽ കേസ് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമാകും.
ടാർജറ്റ് പൊളിഞ്ഞു
ഓരോ കോടതിയിലും പരിഗണനയിലിരിക്കുന്ന പരമാവധി കേസുകൾ തീർപ്പാക്കാൻ ടാർജറ്റ് ലഭിക്കാറുണ്ട്. എല്ലാ വർഷവും മാർച്ചിലാണ് ടാർജറ്റ് പൂർത്തിയാക്കേണ്ടത്. കൊവിഡ് വ്യാപകമായപ്പോൾ വീഡിയോ കോൺഫറൻസ് വഴിയുള്ള വിചാരണ ജില്ലാ കോടതിയിൽ ആരംഭിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗൺ ആരംഭിച്ചതോടെ കേസുകളെല്ലാം ഫയലിൽ ഒതുങ്ങി.
..............................................
36: ജില്ലയിലെ കോടതികളുടെ എണ്ണം
...............................................