ആലപ്പുഴ: സ്പ്രിൻക്ളർ ഇടപാടിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാനുള്ള നീക്കം സംഘടിത പ്രതിപക്ഷങ്ങളുടെ പൊളിറ്റിക്കൽ സാഡിസമാണെന്ന് ഫേസ്ബുക്കിൽ മന്ത്രി ജി. സുധാകരന്റെ വിമർശനം. മുഖ്യമന്ത്രിയുടെ സൽപ്പേരിനെ കളങ്കപ്പെടുത്താനാണ് ശ്രമം നടത്തുന്നതെന്നും സുധാകരൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്...
'കേരളത്തിലെ പിണറായി ഗവൺമെന്റിന്റെ സൽപ്പേരിൽ പരിഭ്രാന്തി പൂണ്ട സംഘടിത പ്രതിപക്ഷങ്ങൾ കുറേ ദിവസങ്ങളായി ഉയർത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനാ ബഹളങ്ങൾ വീക്ഷിക്കുമ്പോൾ വില്യം ഷേക്സ്പിയറിന്റെ ലോക പ്രശസ്തമായ കോമഡിയാണ് ഓർമ വരുന്നത്. വസ്തുത ഇല്ലാതെ ശൂന്യതയിൽ നിന്നു ഏറെ കോലാഹലം സൃഷ്ടിക്കുന്നതാണ് ഇത്. ലോക മഹാമാരിയായ കോവിഡിനെ നേരിടാൻ കഴിയാതെ അമേരിക്കൻ - യൂറോപ്യൻ സാമ്രാജ്യങ്ങളിലെ ഭരണാധികാരികൾ വിറങ്ങലിച്ചു നിൽക്കുമ്പോൾ പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം കൊറോണയെ കീഴടക്കുന്ന അന്തിമ പോരാട്ടത്തിലേക്ക് വിജയകരമായി കടക്കുന്ന കാഴ്ച അത്ഭുതാദരങ്ങളോടെ ലോകം വീക്ഷിക്കുന്നു. ഇതിന് മുഖ്യമന്ത്രിയെ എങ്ങനെ അഭിനന്ദിക്കാതിരിക്കാൻ കഴിയും? എന്നാൽ സംഘടിത പ്രതിപക്ഷങ്ങൾ മുഖ്യമന്ത്രിയുടെ സൽപ്പേരിനെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നു. സ്പ്രിൻക്ലറിന്റെ കാര്യത്തിൽ അദ്ദേഹം പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. വകുപ്പ് സെക്രട്ടറി ഉത്തരവാദിത്വം ഏറ്റെടുത്ത് പരസ്യ പ്രസ്താവന നടത്തിക്കഴിഞ്ഞു. നിയമവശങ്ങൾ നിയമ മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതിക വിദഗ്ദ്ധരായ നിരവധി പേർ കരാറിനെ സദുദ്ദേശപരമായി ന്യായീകരിച്ചു. പാർട്ടിക്കു വേണ്ടി എസ്.രാമചന്ദ്രൻപിള്ള സംശയാതീതമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും സംഘടിത പ്രതിപക്ഷങ്ങളുടെ പൊളിറ്റിക്കൽ സാഡിസം എന്തിനുവേണ്ടിയാണ്? ഭരണത്തെ ദുരുപയോഗപ്പെടുത്താതെ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്വന്തമായി ഒരു തൊഴിൽ മേഖല പടുത്തുയർത്തിയ, മുഖ്യമന്ത്രിയുടെ മകളെ നീതിശൂന്യവും ദയാശൂന്യവുമായി വലിച്ചിഴച്ചത് ന്യായീകരിക്കപ്പെടുന്നില്ല.
സോവിയറ്റ് യൂണിയനിൽ കുലുക്കോവിസ്കി എന്നൊരു കവി ഉണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ കവിതകളിൽ ചോര താ.. ചോര താ.. എന്ന ആഹ്വാനമുണ്ടായിരുന്നെന്നും ആധികാരികമായി പറഞ്ഞ, നിയമസഭയിലെ ഒരു മുതിർന്ന പ്രതിപക്ഷ അംഗവും ഇപ്പോഴത്തെ ബഹളത്തിന്റെ മുൻപന്തിയിലുണ്ട്. അങ്ങനെ ഒരു കവി ലോകത്തൊരിടത്തും ജീവിച്ചിരുന്നില്ലെന്ന് ഞങ്ങൾ നിയമസഭയിൽ വ്യക്തമാക്കിയപ്പോൾ സ്പീക്കർ അത് രേഖയിൽ നിന്നു നീക്കി. കേരളത്തിന്റെ രാഷ്ട്രീയ രേഖയിൽ നിന്നു ഇപ്പോഴത്തെ വിവാദങ്ങൾ ജനങ്ങൾ നീക്കം ചെയ്യുക തന്നെ ചെയ്യും...'