രണ്ടാംക്ളാസുകാരന് നാടിന്റെ കൈയടി
ഹരിപ്പാട്: ഗുരുമന്ദിരത്തിലെ വാർഷികാഘോഷ പരിപാടികൾക്കുള്ള ധനസമാഹരണത്തിന് ശാഖായോഗം നൽകിയ കുടുക്കയിൽ നിറഞ്ഞ തുക, പരിപാടികൾ മാറ്റിവച്ചതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് രണ്ടാം ക്ളാസുകാരൻ നാടിന്റെ കൈയടിനേടി.
മണ്ണാറശ്ശാല യു.പി സ്കൂൾ വിദ്യാർത്ഥിയും വീയപുരം പായിപ്പാട് ശാസ്താംപറമ്പിൽ രഞ്ജിത്ത് - പ്രീത ദമ്പതികളുടെ മകനുമായ ആദിദേവാണ് സമ്പാദ്യമായ 6058 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
എസ്.എൻ.ഡി.പി യോഗം പായിപ്പാട് 536-ാം നമ്പർ ശാഖയിൽ നിന്ന് വീടുകളിൽ നൽകിയ കുടുക്കയിലായിരുന്നു ആദിദേവ് നാണയത്തുട്ടുകൾ അടക്കം സൂക്ഷിച്ചത്. അച്ഛനും അപ്പൂപ്പൻ ബാലനും അമ്മൂമ്മ ഉമയമ്മയുമടക്കമുള്ള ബന്ധുക്കൾ നൽകിയ ചെറു തുകകളായിരുന്നു കുടുക്കയിൽ വീണത്. കഴിഞ്ഞ രണ്ടു വർഷവും ഇങ്ങനെ ആദിദേവ് സ്വരൂക്കൂട്ടിയ പണം ഗുരുമന്ദിരത്തിന്റെ വാർഷികാഘോഷത്തിന് സംഭാവന ചെയ്യുകയായിരുന്നു
കൊവിഡിനെത്തുടർന്ന് ഈ വർഷം ഗുരുമന്ദിരത്തിലെ ആഘോഷ പരിപാടികൾ ഒഴിവാക്കിയിരുന്നു. ദുരിതബാധിതരെ സഹായിക്കാൻ വിഷുക്കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന ടിവിയിൽ കണ്ടതോടെയാണ് കൈനീട്ടവും സമ്പാദ്യവുമടക്കം നൽകാമെന്ന് ആദിദേവ് അച്ഛനോട് പറഞ്ഞത്. അച്ഛനൊപ്പം പാർട്ടി സമ്മേളനങ്ങളിലൊക്കെ ആദിദേവും പോകുമായിരുന്നു. മകന്റെ ആഗ്രഹം രഞ്ജിത്ത് വീയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസാദ് കുമാറിനെ അറിയിച്ചു. പ്രസാദ് കുമാർ അറിയിച്ചതനുസരിച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം. സത്യപാലൻ പായിപ്പാട്ടെ വീട്ടിലെത്തി തുക ഏറ്റുവാങ്ങുകയായിരുന്നു. ആദിദേവ് തന്നെയാണ് തന്റെ സമ്പാദ്യം കൈമാറിയത്. കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറി സി. പ്രസാദും ഒപ്പമുണ്ടായിരുന്നു.