ഹരിപ്പാട്: വീയപുരത്ത് ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശം.

രണ്ടാം വാർഡിൽ നിഹാസ് മൻസിലിൽ ഇസ്മായിൽ കുഞ്ഞിന്റെ കടയുടെ മേൽക്കൂര തകർന്നു. 20 ഓളം ചാക്ക് കാലിത്തീറ്റയും 50,000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് മെഷീനും മഴയിൽ നശിച്ചു. വീയപുരം രണ്ടാം വാർഡിൽ അങ്കണവാടിക്ക് സമീപം കണിയാംവേലിൽ ഗോപിയുടെ വീടിനു മുകളിൽ മരം വീണു. ഹരിപ്പാട്ടു നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മരം വെട്ടി മാറ്റിയത്. വീയപുരം കടപ്ര റോഡിൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ചിന് സമീപം വൈദ്യുതി ലൈനിലേക്ക് മരം കടപുഴകി വീണു. പരിസരത്ത് ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. 100 ഏക്കർ വരുന്ന എരത്തോട് പാടശേഖരത്തിൽ കൂട്ടിയിട്ടിരുന്ന നെല്ലും കനത്ത മഴയിൽ വെള്ളത്തിലായി. 10 ദിവസം മുമ്പാണ് വിളവെടുപ്പ് നടന്നത്.