മാവേലിക്കര: മാവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ലോക്ക് ഡൗൺ കാലത്ത് ക്രിമിനൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ ഇടിവ്. ചാർജ് ചെയ്തതിൽ മൂന്നെണ്ണമൊഴികെയുള്ളവ ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ചതുമായി ബന്ധപ്പെട്ടവയും.
മാർച്ച് 24 മുതൽ ഇന്നലെവരെ ഇവിടെ രജിസ്റ്റർ ചെയ്തത് 217 കേസുകളാണ്. ഇതിൽ 213 കേസുകളും ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ചതുമായി ബന്ധപ്പെട്ടവയാണ്. ചാരായം പിടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും രണ്ട് വീതം കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 194 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ രണ്ട് സ്ത്രീ പീഡന കേസുകൾ, മൂന്ന് ഒളിച്ചോട്ടങ്ങൾ, പത്ത് അടിപിടി കേസുകൾ, 17 വാഹനാപകട കേസുകൾ, രണ്ട് അപകട മരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഈ വർഷം ഗാർഹിക പീഡന കേസുകളും അടിപിടി കേസുകളും വാഹന അപകട കേസുകളും ആത്മഹത്യകളും ഒന്നും തന്നെ ഈ ലോക്ക്ഡൗൺ കാലത്ത് ഉണ്ടായിട്ടില്ല.