മാവേലിക്കര: ലോക്ക് ഡൗൺ കാലത്ത് തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുത്ത യുവാവിന്റെ വീട്ടിലെ വളർത്തുനായ ഉൾപ്പെടെ കല്ലുമലയിൽ പത്തോളം നായ്ക്കൾ കൂട്ടത്തോടെ ചാകാൻ കാരണം ആരോ വിഷം കൊടുത്തതാണെന്നു സംശയം.

മാവേലിക്കര ബിഷപ് മൂർ കോളേജിന് സമീപം കല്ലുമല നാടവള്ളിൽ കുറ്റിപ്പറമ്പിൽ നിബു ജോണിന്റെ രണ്ട് വളർത്തുനായ്ക്കളും തെരുവുനായ്ക്കളും ഉൾപ്പടെയാണ് ഞായറാഴ്ച രാവിലെ ചത്തത്. നിബുവിന്റെ മൂന്ന് നായ്ക്കളിൽ ഒരെണ്ണം വിഷം ഉള്ളിൽ ചെന്ന് അവശനിലയിലാണ്. നിബുവും സുഹൃത്തുക്കളും ലോക്ക് ഡൗൺ കാലത്ത് കല്ലുമല ജംഗ്ഷനിലെ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകിയിരുന്നു. ഇതിനെതിരെ പ്രദേശവാസികളായ ചിലർ പ്രതിഷേധിച്ചത് വാക്കേറ്റത്തിന് കാരണമായിരുന്നു. ഇവർ കാഞ്ഞിരത്തിന്റെ തോലിട്ട് വേവിച്ച ഇറച്ചി നൽകിയാണ് നായ്ക്കളെ കൊന്നതെന്ന് നിബുവിന്റെ പരാതിയിൽ പറയുന്നു. മാവേലിക്കര പൊലീസ് കേസെടുത്തു.