ചേർത്തല:ലോക്ക്ഡൗൺ വേളയിൽ ചേർത്തലയിലെ ഒരുകൂട്ടം ചെറുപ്പക്കാർ അഭിനയിച്ച 'ദൈവത്തിന്റെ നാട്' എന്ന ഹ്രസ്വ ചിത്രം റിലീസ് ചെയ്തു. 10 മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിൽ നാട്ടിൻ പുറങ്ങളിൽ ചെറുപ്പക്കാരുടെ മദ്യപാന ആസക്തിയും കൊവിഡ് കാലത്ത് അത് ലഭിക്കാത്തത് കൊണ്ടുളള വിരസതയുമാണ് പ്രമേയം.
ഗൾഫിൽ ജോലിചെയ്യുന്ന ഇവരുടെ സുഹൃത്ത് അവിടത്തെ മലയാളികളുടെ കൊവിഡ് നൊമ്പരങ്ങൾ വീഡിയോ കോളിലൂടെ വിവരിക്കുന്നു കാണുമ്പോൾ, ഇനി കൂട്ടംകൂടില്ലെന്നും സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരുന്ന് കൊവിഡിനെ പ്രതിരോധിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.
തൃശ്ശൂരിൽ ഹെൽത്ത് ഇൻസ്‌പെക്ടറായി ജോലി ചെയ്യുന്ന ലാൽ ചേർത്തല രചനയും അനുജൻ ദീപു ചേർത്തല സംവിധാനവും ചേർത്തല രഘുവും ദിലീപും ചേർന്ന് വീഡിയോ ഗ്രാഫിയും നിർവഹിച്ച ഈ ചിത്രത്തിൽ രജേഷ് രാധാകൃഷ്ണൻ, ബാബു കളരിവെളി, ഫിജോ ജോസഫ്, രജനീകാന്ത്,വിനോദ് കുമാർ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസിന് സി.ഡി കൈമാറി പ്രകാശനം നടത്തി. പ്രാദേശിക ചാനലുകളിലും യു ടൂബിലും ചിത്രം പ്രദർശിപ്പിക്കും.