 നിയന്ത്രണങ്ങൾ ലംഘിച്ച് ഇന്നലെയും തിരക്ക്

ആലപ്പുഴ: പാടങ്ങളുടെ പുറംബണ്ടിന് മടവീഴുമ്പോഴുണ്ടാകുന്ന ഒഴുക്കുപോലെ, ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവ് തകർക്കും വിധം ജനങ്ങളും വാഹനങ്ങളും പൊതുനിരത്തുകളിൽ നിറയുന്നത് പൊലീസിനെ കുഴയ്ക്കുന്നു. ഇന്നലെ രാവിലെ ദേശീയപാത ഉൾപ്പെടെയുള്ള റോഡുകളിലും മാർക്കറ്റുകളിലുമൊക്കെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പൊലീസ് പരിശോധന കടുപ്പിച്ചതോടെ ഇതിനു കുറച്ചു നിയന്ത്രണം വന്നു. എന്നാൽ വൈകിട്ടും തിരക്കുണ്ടായത് പൊലീസിനെ വലച്ചു.

നല്ലൊരു ശതമാനം കടകളും ഇന്നലെ തുറന്നു. നിരോധനാജ്ഞ ലംഘിച്ചുള്ള മത്സ്യ-പച്ചക്കറി മാർക്കറ്റുകളുടെ പ്രവർത്തനം പൊലീസ് ഇടപെട്ട് തടഞ്ഞു. ഓരോ പൊലീസ് സ്റ്റേഷൻ അതിർത്തിയിലും രണ്ട് വീതം കേന്ദ്രങ്ങളിൽ വാഹന പരിശോധന കർശനമായിരുന്നു. സർക്കാർ ഓഫീസുകളിൽ നിർദേശിച്ച ശതമാനത്തിലധികം ജീവനക്കാർ ജോലിക്ക് ഹാജരായി. ഓരോ ഓഫീസിലും 33ശതമാനം ജീവനക്കാർ എത്തിയാൽ മതിയെന്നാണ് നിർദേശം.

പൊലീസ്, ആരോഗ്യ വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവരുടെ പരിശോധനകളും ശക്തമായിരുന്നു. സർക്കാർ ഓഫീസുകൾ ശുചീകരിക്കുന്ന തിരക്കിലായിരുന്നു ഫയർഫോഴ്സും തൊഴിലുറപ്പ് തൊഴിലാളികളും. ആരോഗ്യ, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ജില്ലയിലെ സർക്കാർ ഓഫീസുകളും പൊതുമേഖലാസ്ഥാപനങ്ങളും തുറന്നെങ്കിലും കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല.

...........................................

# തലവേദനക്കേസുകൾ

 തുറന്ന കടകളിലെ പഴകിയ ഭക്ഷ്യവസ്തുക്കൾ

 നമ്പർ ക്രമം തെറ്റിച്ചിറങ്ങിയ വാഹനങ്ങൾ

 ഇന്നലെ അനുവദിച്ചിരുന്നത് ഇരട്ടഅക്ക നമ്പറുകൾ

 ഇറങ്ങിയവയിൽ ഒറ്റഅക്ക നമ്പർ വാഹനങ്ങളും

 മത്സ്യമാർക്കറ്റുകളിലെ വൻ തിരക്ക്

 നിയന്ത്രണങ്ങൾ തെറ്റിച്ച ഹാർബറുകൾ

...............................................

# കോടതികൾ തുടങ്ങി

മദ്ധ്യവേനൽ അവധിക്കാലത്ത് അനുവദനീയമായ കോടതികൾ ഇന്നലെ മുതൽ പതിവ് പോലെ പ്രവർത്തനം ആരംഭിച്ചു. ജാമ്യം, കസ്റ്റഡി പ്രതികൾ തുടങ്ങിയ അടിയന്തരപ്രാധാന്യമുള്ള കേസുകളാണ് പരിഗണിച്ചത്. സാമൂഹിക അകലം പാലിക്കണമെന്നതിനാലും കക്ഷികൾക്ക് കോടതിയിൽ എത്താൻ പൊതുവാഹന സൗകര്യം ഇല്ലാത്തതിനാലും വിചാരണ ഉൾപ്പെടെയുള്ള നടപടികൾ ലോക്ക്ഡൗൺ നിയന്ത്രണത്തിലെ ഇളവ് അനുസരിച്ചായിരിക്കും പരിഗണിക്കുക. വാഹന ഗതാഗതം പേരിനുമാത്രമുള്ള ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പലയിടത്തും വേനൽ മഴയിൽ ഈർപ്പം തട്ടിയ നെല്ല് ഉണക്കുന്നത് റോഡാണ് കർഷകർ ഉപയോഗിക്കുന്ന്.

#തെറ്റു തിരുത്തി

മുഹമ്മ, ചെങ്ങന്നൂർ, ചെറിയനാട് എന്നിവടങ്ങളെയാണ് കഴിഞ്ഞ ദിവസം ജില്ലയിൽ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചത്. ചെങ്ങന്നൂർ നഗരസഭയും മുഹമ്മ പഞ്ചായത്ത് അധികൃതരും തെറ്റ് ചൂണ്ടിക്കാട്ടിയതോടെ ഇരു പ്രാദേശങ്ങളെയും ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കി സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഉത്തരവിറക്കി. തണ്ണീർമുക്കം, മുളക്കര, ചെറിയനാട് പഞ്ചായത്തുകളാണ് ജില്ലയിലെ ഹോട്ട്സ്പോട്ട് മേഖലകൾ.

.....................................................

ലോക്ക്ഡൗൺ ഇളവുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി ഉണ്ടാവും. നമ്പർ നിയന്ത്രണം ലംഘിക്കുന്ന വാഹനങ്ങളുടെ ഉടമകൾക്ക് നിയമനടപടികളിൽ നിന്ന് ഒഴിവാകാനാവില്ല

(പൊലീസ്)