ആലപ്പുഴ: കൊവിഡ് 19 വിലങ്ങുതടിയായതോടെ സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധനയും അറ്റകുറ്റപ്പണികളും അനിശ്ചിതമായി നീളുന്നു. അദ്ധ്യയനവർഷം ജൂണിൽ ആരംഭിക്കുകയാണെങ്കിൽ മേയ് 31നകം നിർമ്മാണങ്ങളും പരിശോധനയും പൂർത്തിയാക്കേണ്ടതുണ്ട്. മാർച്ച് 25 മുതൽ അടഞ്ഞുകിടന്നതിനാൽ ജില്ലയിൽ ഭൂരിഭാഗം സ്കൂളുകൾക്കും പരിശോധനയ്ക്കുള്ള അപേക്ഷ സമർപ്പിക്കാൻ സാധിച്ചിരുന്നില്ല.
ലോക്ക് ഡൗൺ ഇളവ് വന്നതോടെ ഇന്നലെ മുതൽ സ്കൂളുകളിൽ പ്രഥമാദ്ധ്യാപകർ എത്തിത്തുടങ്ങി. ഇനിയുള്ള ദിവസങ്ങളിലാവും പഞ്ചായത്ത്, നഗരസഭ അധികൃതർക്ക് സ്കൂളുകൾ അപേക്ഷകൾ നൽകുക. സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നതാണ് സ്കൂളുകൾ നേരിടുന്ന പ്രശ്നം. കെട്ടിടങ്ങളിൽ പ്രവർത്തനാനുമതി ലഭിക്കുന്നതിന് അടിത്തറ മുതൽ മേൽക്കൂര വരെ ഫിറ്റാണെന്ന് പരിശോധനയിൽ ബോദ്ധ്യപ്പെടണം. ഓരോ അദ്ധ്യയനവർഷവും ക്ലാസ് തുടങ്ങുന്നതിന് മുമ്പ് സ്കൂളുകൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നതാണ് കെ.ഇ.ആർ ചട്ടം.വെക്കേഷൻ കാലത്താണ് സാധാരണ അറ്റകുറ്റപ്പണികൾ നടത്തുക.
പേരിനല്ല പരിശോധന!
ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾക്കു നേർക്ക് പലപ്പോഴും ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കാറുണ്ട്. കെട്ടിടത്തിന്റെ ബലം, അടിത്തറ, മേൽക്കൂര, കതക്, ജനൽ, തടിപ്പണികൾ, ഫയർ ആൻഡ് സേഫ്ടി തുടങ്ങി സകല കാര്യങ്ങളും പരിശോധിക്കണമെന്നാണ് ചട്ടം. മേൽക്കൂരയായി ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിക്കരുതെന്ന സർക്കാർ നിർദേശം ഇപ്പോഴും പല സ്കൂളുകളും പാലിക്കുന്നില്ല.
അറ്റകുറ്റപ്പണി നടത്തേണ്ടത്
എയ്ഡഡ് സ്കൂളുകൾ : മാനേജർമാർ
സർക്കാർ എൽ.പി, യു.പി സ്കൂളുകൾ: ഗ്രാമപഞ്ചായത്തുകൾ
ഹൈസ്ക്കൂളുകൾ : ജില്ലാ പഞ്ചായത്ത്
പരിശോധന ചുമതല
പഞ്ചായത്ത് പരിധിയിൽ അസി. എൻജിനീയർക്കും നഗരപരിധിയിൽ നഗരസഭാ എൻജിനിയറിംഗ് വിഭാഗത്തിനും
ജില്ലയിൽ എയ്ഡഡ് സ്കൂളുകളുടെ എണ്ണം : 730
വിദ്യാഭ്യാസ ഉപജില്ല - എയ്ഡഡ് സ്കൂളുകളുടെ എണ്ണം
ചേർത്തല - 145
ആലപ്പുഴ - 177
മാവേലിക്കര - 297
കുട്ടനാട് - 111
''അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് എൻജിനിയർമാർക്ക് പരിശോധനകൾ നടത്താം.''- ധന്യ ആർ.കുമാർ, ഡി.ഡി.ഇ
''മേയ് 3ന് ലോക്ക് ഡൗൺ അവസാനിച്ചാൽ മാസാവസാനത്തോടെ പണികൾ പൂർത്തീകരിക്കാനാകും എന്നാണ് പ്രതീക്ഷ'' - അഡ്വ. മനോജ് കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ, ആലപ്പുഴ നഗരസഭ