കായംകുളം : കൊവിഡിന്റെ ഭീകരതയും മഹാമാരിയിൽ നിന്നുള്ള അതിജീവനവും വിവരിക്കുന്ന, ബീന കുമാരകോടിയുടെ 'കൊറോണ" എന്ന കവിത സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ. കായംകുളം ശ്രീനാരായണ ഇന്റർനാഷണൽ സ്കൂളിലെ അദ്ധ്യാപികയും ആറാട്ടുപുഴ മംഗലം സ്വദേശിയുമായ ബീന രചിച്ച കവിത നിഷാദ് കേച്ചേലേരിയിലാണ് ആലപിച്ചത്. കൊറോണയുടെ ഭീകരതയ്ക്ക് ഒപ്പം ഭരണകൂടത്തിനും ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും നന്ദിപ്രകാശിപ്പിയ്ക്കുന്ന കവിത അവതരണ മികവ് കൊണ്ടും ഹൃദ്യമായ വരികളാലും ശ്രദ്ധേയമാണ്.
"ഈ പ്രപഞ്ച താളം നിശ്ചലമാക്കി മൃതിതൻ ദൂതുമായി വീഥികൾ തോറും സംഹാരകേളികളാടി, കണ്ണീർ പുഴകളൊരുക്കി ദുരിതം വിതച്ചെത്തിയ കൊലയാളി" എന്നുതുടങ്ങുന്ന കവിതയിൽ കൊറോണയുടെ വർത്തമാന കാല ഭീകരാവസ്ഥ അതേപടി വരച്ചിടുന്നു. "ഈ സ്വപ്ന ഭൂമിയെ നരക തുല്യമാക്കാതെ തിരികെ മടങ്ങുക വേഗ"മെന്ന മുന്നറിയിപ്പാണ് കവിയത്രി നൽകുന്നത്.
"ഉയർത്തെഴുന്നേൽക്കട്ടെ ഞങ്ങൾ ഒരുമയോടെ തളരില്ല ഞങ്ങൾ പതറില്ല ഞങ്ങൾ വിമോചനമന്ത്രം ഉരുവിട്ട് ഞങ്ങൾ മുന്നേറു"മെന്ന പ്രത്യാശയും നൽകുന്നു. നാടിന്റെ സ്വൈര്യം കെടുത്തിയ കൊറോണയെ വേരോടെ പിഴുതെറിഞ്ഞ് മോഹന സ്വപ്നങ്ങൾ വീണ്ടും കാണാമെന്ന ആത്മവിശ്വാസത്തോടെയാണ് കവിത അവസാനിയ്ക്കുന്നത്. നിരവധി ശ്രദ്ധേയമായ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ബീന കുമാരകോടി മംഗലം തറയിൽ ടി.ആർ അജിത്ത്കുമാറിന്റെ ഭാര്യയാണ്.ഏകമകൾ നിവേദ്യ. ബീനയുടെ ഫോൺ: 7902509817.