 ഓട്ടമില്ലാത്ത ആധിയിൽ സ്വകാര്യബസ് ഉടമകൾ


ആലപ്പുഴ: കട്ടപ്പുറത്തല്ലെങ്കിൽപ്പോലും തുടർച്ചയായ 30 ദിവസം ഷെഡിൽ കിടക്കേണ്ടി വന്നതോടെ ലോക്ക്ഡൗൺ കഴിയുമ്പോഴേക്കും ജില്ലയിലെ 480 സ്വകാര്യ ബസുകളുടെ കാര്യം കട്ടപ്പുകയാവുന്ന ലക്ഷണം! മാർച്ച് 23ന് ജനതാകർഫ്യുവും പിന്നാലെ ലോക്ക് ഡൗണും നിലവിൽ വന്നതോടെ ഓട്ടം നിലച്ച ബസുകൾ കാണുമ്പോൾ ഉടമകളുടെ നെഞ്ചിൽ കൊള്ളിയാൻ പായുകയാണ്.

ഇന്ധന വിലയും അനുബന്ധ ചെലവുകളും യാത്രക്കാരുടെ കുറവും കണക്കിലെടുക്കുമ്പോൾ പ്രതിദിനം നഷ്ടത്തിലാണ് സർവ്വീസുകളെന്ന ഉടമകളുടെ പല്ലവിക്കിടെയാണ് കൊവിഡ് മറ്റൊരു ദുരന്തമായത്.

ഡ്രൈവർ,കണ്ടക്ടർ,ക്ളീനർ ഉൾപ്പെടെ അഞ്ചോളം ജീവനക്കാർ ഓരോ ബസിലും ഉണ്ടാകും. ഓട്ടമില്ലെങ്കിലും ഒട്ടുമിക്ക ബസുടമകളും ചെറിയ തുക നൽകി തങ്ങളുടെ ജീവനക്കാരെ സഹായിക്കുന്നുമുണ്ട്.

ആലപ്പുഴ നഗരാതിർത്തിയിൽ ടൗൺ കേന്ദ്രീകരിച്ച് തെക്കോട്ട് 14 കിലോമീറ്ററും വടക്കോട്ട് 11 കിലോമീറ്ററും മാത്രമാണ് സ്വകാര്യബസ് സർവ്വീസുള്ളത്. ഹരിപ്പാട്, മാവേലിക്കര, കായംകുളം, ചെങ്ങന്നൂർ മേഖലകളിലെ കൂടുതൽ യാത്രക്കാരും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്.

.......................................................

 40 സീറ്റുള്ള പുതിയ ബസ് നിരത്തിലിറങ്ങുമ്പോൾ ചെലവ് 35 ലക്ഷം

 പകുതിയിലധികം തുകയും ബാങ്ക് വായ്പ

 എയർ ചെക്കിംഗും എൻജിൻ പരിശോധനയും മുടങ്ങി

 ഓരോ ബസിനും കുറഞ്ഞത് 50,000രൂപ ചെലവഴിക്കേണ്ട അവസ്ഥ
..........................................

# ആനുകൂല്യവും കുരുക്കിൽ

മറ്റ് വരുമാനമാർഗ്ഗങ്ങൾ ഇല്ലാത്തവരാണ് പല ബസുടമകളും. പലരുടെയും വായ്പ തിരിച്ചടവ് മുടങ്ങി. മിനിമം 5000 രൂപയെങ്കിലും അംശാദായം അടയ്ക്കാത്ത തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച 1000രൂപ ക്ഷേമനിധി ആനുകൂല്യം ലഭിക്കില്ലെന്നത് ഇരുട്ടടിയായി. വിഷയങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.

......................................................

സ്വകാര്യബസ് ഉടമകൾക്ക് സാമ്പത്തിക സഹായവും ബാങ്ക് വായ്പയും ലഭ്യമാക്കണം. സ്വകാര്യ ബസുകൾ 'ഓൺ ടെസ്റ്റ്' ബോർഡ് വച്ച് ദിവസവും കുറച്ചുദൂരം ഓടാൻ അനുവദിക്കണം. അറ്റകുറ്റപ്പണികൾക്കായി 50,000 രൂപ കുറഞ്ഞ പലിശയിൽ വായ്പ ലഭ്യമാക്കണം

(പി.ജെ. കുര്യൻ, എസ്.എം. നാസർ- കേരള ബസ് ട്രാൻസ് പോർട്ട് അസോ. ജില്ലാ കമ്മിറ്റി)