 ആവശ്യപ്പെട്ടാലുടൻ വിട്ടുനൽകണമെന്ന് ഉടമകൾക്ക് നിർദ്ദേശം

ആലപ്പുഴ: കൊവിഡ് കെയർ സെന്ററുകളാക്കാൻ ജില്ലയിലെ 180 ഹൗസ്‌ബോട്ടുകൾ ഏ​റ്റെടുത്തുകൊണ്ട് കളക്ടർ ഉത്തരവിട്ടു. വിദേശ രാജ്യങ്ങളിൽ നിന്നും മ​റ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കാനാണിത്. 495 മുറികൾ ബോട്ടുകളിൽ സജ്ജമാക്കും.

ഇവിടെ പാർപ്പിക്കുന്നവരെ നിരീക്ഷിക്കാനും മറ്റുമായി ജീവനക്കാരെ നിയമിക്കാനും രോഗികളെ ആശുപത്രിയിലെത്തിക്കേണ്ട സാഹചര്യമുണ്ടായാൽ ആംബുലൻസ് സജ്ജീകരിക്കാനും ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. ഹൗസ്ബോട്ടുകൾ, കൺട്രോൾ റൂം എന്നിവിടങ്ങളിൽ 24 മണിക്കൂറും വൈദ്യുതി കെ.എസ്.ഇ.ബി ലഭ്യമാക്കണം. സുരക്ഷ മുൻകരുതൽ ഫയർഫോഴ്സിന്റെ ചുമതലയാണ്. ഹൗസ്ബോട്ടുകളുടെ അറ്റകുറ്റപ്പണി പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ്. നിരീക്ഷണത്തിലുള്ളവർക്കും ജീവനക്കാർക്കും ഭക്ഷണം ഡി.ടി.പി.സി ഏർപ്പാടാക്കും. മാലിന്യ സംസ്കരണ ചുമതലയും ഡി.ടി.പി.സിക്കാണ്.

ഹൗസ്‌ബോട്ടുകൾ കൊവിഡ് കെയർ സെന്ററുകളാക്കി മാറ്റേണ്ട സാഹചര്യമുണ്ടായാൽ ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ ഭരണകൂടത്തെ വിവരമറിയിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടാലുടൻ ഈ 180 ഹൗസ്‌ബോട്ടുകളും അനുബന്ധസൗകര്യങ്ങളും ഉടമകൾ ജില്ലാ ഭരണകൂടത്തിന് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.

 സുരക്ഷ പൊലീസിന്

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്. ആവശ്യപ്പെടുന്ന സമയത്ത് ജല ഗതാഗത വകുപ്പിലെ ഡ്രൈവർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സേവനവും വാട്ടർ ആംബുലൻസും വിട്ടുനൽകാൻ ജലഗതാഗത വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.