ആലപ്പുഴ: ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായിരുന്ന കലാഭവൻമണിയെ കൊവിഡ് കാലത്ത് ഡോക്യുമെന്ററി തയ്യാറാക്കി അനുസ്മരിക്കുകയാണ് ഉറ്റ സുഹൃത്തുക്കൾ. നക്ഷത്രങ്ങളുടെ രാജകുമാരൻ എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രകാശനം ആലപ്പുഴ മീഡിയാ വിഷൻ സ്റ്റുഡിയോയിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങളോടെ ചിത്രകാരൻ ചിക്കൂസ് ശിവൻ നിർവഹിച്ചു.
ഇന്ന് കലാഭവൻ മണി ജീവിച്ചിരുന്നെങ്കിൽ കഷ്ടത അനുഭവിക്കുന്ന നിരവധി കലാകാരന്മാർക്ക് അദ്ദേഹത്തിന്റെ സഹായം ലഭിക്കുമായിരുന്നുവെന്ന ചിന്തയിൽ നിന്നാണ് ഡ്യോക്യുമെന്ററിയെന്ന ആശയത്തിലേക്ക് എത്തിയതെന്ന് മജീഷ്യൻ ദീപുരാജ് പറഞ്ഞു. മലപ്പുറം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥനായ കെ.ആർ. റെജിയുടേതാണ് രചന. പ്രൊഫഷണൽ നാടകനടനും മാന്ത്രികനുമായ ദീപുരാജിന്റെ ശബ്ദത്തിലാണ് പത്ത് മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി തയാറാക്കിയത്. പശ്ചാത്തല സംഗീത സംവിധായകൻ ജോയൽ വള്ളികാടനാണ് റെക്കോർഡിംഗും എഡിറ്റിംഗും നിർവഹിച്ചത്.