വീട്ടിൽ നിന്ന് ഒരാൾക്കുമാത്രം പുറത്തിറങ്ങാം
ചേർത്തല: കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് തണ്ണീർമുക്കത്തെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചതോടെ ഇന്നുമുതൽ പഞ്ചായത്തിലേക്ക് കടക്കാൻ രണ്ടു പ്രവേശന കവാടങ്ങൾ മാത്രം.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര പഞ്ചായത്ത് ഭരണസമിതി യോഗമാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതു സംബന്ധിച്ച് മുഹമ്മ സർക്കിൾ ഇൻസ്‌പെക്ടർ എൻ.വിജയൻ വിശദീകരിച്ചു.
മേയ് മൂന്ന് വരെ നിയന്ത്റണങ്ങൾ തുടരും. 25 വരെ തീവ്ര പ്രതിരോധ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. മുഴുവൻ വീടുകളിലും മാസ്‌കും ആയുർവേദ പ്രതിരോധ ഔഷധങ്ങളും നൽകുന്നതോടൊപ്പം 23ന് മുഴുവൻ വീടുകളിലും ബ്ലീച്ചിംഗ് സൊലൂഷൻ ഉപയോഗിച്ച് മുറികളെല്ലാം കഴുകി അണുനാശിനി തളിക്കും. 25ന് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലുളള സ്ക്വാഡുകൾ വീടുകൾ സന്ദർശിച്ച് ക്ലീൻ ഹൗസ് അവാർഡ് പ്രഖ്യാപിക്കും. പഞ്ചായത്ത് യോഗത്തിൽ സ്ഥിരംസമിതി അദ്ധ്യക്ഷരായ രേഷ്മ രംഗനാഥ്, രമാമദനൻ, സുധർമ്മ സന്തോഷ്, ബിനിത മനോജ് എന്നിവരും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജെ.സെബാസ്റ്റ്യൻ, സനൽനാഥ്,സാനുസുധീന്ദ്രൻ,രമേഷ് ബാബു സെക്രട്ടറി പി.സി.സേവ്യർ എന്നിവർ സംസാരിച്ചു. ഹോട്ട് സ്‌പോട്ട് പ്രഖ്യാപനത്തെ തുടർന്ന് പഞ്ചായത്തിൽ പ്രവർത്തിച്ച് വരുന്ന ഹെൽപ്പ് ലൈൻ സംവിധാനം 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ കണ്ണങ്കരയിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിദേശത്തു നിന്നെത്തിയ ആളാണ്. കഴിഞ്ഞ ദിവസം നെഗറ്റീവായ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലാണ്. മൊത്തം ഏഴുപേർ പഞ്ചായത്തിൽ നിരീക്ഷണത്തിലുണ്ട്.
# നിയന്ത്രങ്ങൾ ഇങ്ങനെ
ഒരു വീട്ടിൽ നിന്നു ഒരാൾക്ക് മാത്രം പുറത്തിറങ്ങാം
ഇറങ്ങുന്നയാൾക്ക് മാസ്‌ക് നിർബന്ധം
രാവിലെ 7 മുതൽ അഞ്ച് 5 അവശ്യ കടകൾ തുറക്കാം
ഇരുചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം, സത്യവാങ്മൂലം വേണം
ജില്ല വിട്ട് പോകുന്നവർ അതത് ജില്ലകളിൽ നിരീക്ഷണത്തിൽ കഴിയണം
മരണാനന്തര, വിവാഹ ചടങ്ങുകളിൽ പരമാവധി 20 പേർ
മെഡിക്കൽ സ്റ്റോറുകൾ,മത്സ്യം തുടങ്ങിയവയ്ക്ക് മാത്രം ഇളവ്