നേതൃത്വം നൽകിയത് മോട്ടോർ വാഹന വകുപ്പ്
മാവേലിക്കര: കൊവിഡ് ഭീതിയിൽ കഴിയുന്ന വിദേശ മലയാളികൾക്ക് ആത്മവിശ്വാസം പകരാൻ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ വീഡിയോ കൗൺസിലിംഗ്. മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി. മനോജിന്റെ മേൽനോട്ടത്തിലാണ് അമേരിക്ക, സൗദി, ദുബായ്, കുവൈറ്റ്, ഷാർജ, അജ്മാൻ, അബുദാബി എന്നീ രാജ്യങ്ങളിൽ കഴിയുന്ന 150ഓളം വിദേശ മലയാളികൾക്ക് മനശാസ്ത്ര വിദഗ്ദ്ധൻ അപ്പു ജോസഫ് ചാക്കോ ഒന്നര മണിക്കൂർ നീണ്ട കൗൺസിലിംഗ് നൽകിയത്.
നാടും വീടും വിട്ടുനിൽക്കുന്നതിന്റെ ആശങ്കകളാണ് ഭൂരിഭാഗം പേരും പങ്കുവച്ചത്. വിദേശ രാജ്യങ്ങളിലെ കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകളും അവർ വിവരിച്ചു. കൊവിഡ് ബാധിതനായ വ്യക്തിയും കൗൺസിലിംഗിൽ പങ്കെടുത്തു. സംശയങ്ങൾക്കും ആശങ്കകൾക്കും ലഭിച്ച വിശദീകരണവും പിന്തുണയും പ്രവാസികൾക്ക് ഏറെ ആത്മവിശ്വാസം പകർന്നു. ദ്യശ്യ മാദ്ധ്യമ മേഖലയിലെ സാങ്കേതിക വിദഗ്ദ്ധൻ അനൂപാണ് വീഡിയോ കോൺഫറൻസിനുള്ള സംവിധാനങ്ങൾ ഒരുക്കിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം സന്നദ്ധപ്രവർത്തകരും ഓലകെട്ടിയമ്പലം സ്വദേശികളുമായ അഭിലാഷ്, റജി, നിനു എന്നിവരടങ്ങുന്ന യുവജന കൂട്ടായ്മയും ചേർന്നാണ് വീഡിയോ കൗൺസിലിംഗ് ഒരുക്കിയത്.