 ബാറുകളുടെ എണ്ണം 600 ആയി

ആലപ്പുഴ:വയനാട്ടിൽ മൂന്ന് ബാറുകൾക്ക് കൂടി അനുമതി നൽകിയതോടെ സംസ്ഥാനത്ത് ബാറുകളുടെ എണ്ണം 600 ആയി. ബത്തേരിയിലാണ് രണ്ട് ബാറുകൾക്ക് ലൈസൻസ് നൽകിയത്. മൂന്നാമത്തെ ബാറിന്റെ ലൈസൻസ് നടപടികൾ എക്സൈസ് കമ്മിഷണറേറ്റിൽ പൂർത്തിയായെങ്കിലും വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല.

മൂന്ന് പുതിയ ബാറുകൾക്ക് കൂടിയുള്ള ഓൺലൈൻ അപേക്ഷ എക്സൈസ് ആസ്ഥാാനത്ത് കിട്ടിയിട്ടുണ്ടെങ്കിലും തുടർ നടപടികളായിട്ടില്ല. ഫോർ സ്റ്റാർ പദവിയുള്ളവയാണ് വയനാട്ടിൽ ലൈസൻസ് കിട്ടിയ രണ്ട് ബാറുകളും. കഴിഞ്ഞ നവംബറിലാണ് ഈ ബാറുകളുടെ ലൈസൻസിന് അപേക്ഷ ലഭിച്ചത്. മാർച്ച് 12ന് സർക്കാർ അനുമതി കിട്ടി. 28 ലക്ഷം വീതമാണ് അന്ന് ലൈസൻസ് ഫീ അടച്ചത്. ഈ സാമ്പത്തിക വർഷം മുതൽ ലൈസൻസ് ഫീ 30 ലക്ഷമായി ഉയർത്തിയിട്ടുണ്ട്. ലൈസൻസ് കിട്ടിയാലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കഴിഞ്ഞേ തുറക്കാനാവൂ. പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം 170 ഓളം ബാർ ലൈസൻസാണ് നൽകിയത്.