ചാരുംമൂട് : ലോക്ക് ഡൗണായതോടെ ഭക്ഷണമില്ലാതെ വലയുന്ന തെരുവു നായ്ക്കൾക്ക് ആശ്വാസം പകരുകയാണ് പേരൂർക്കാരാണ്മ സ്വദേശിയായ രാജേഷ്.
ചാരുംമൂട് ജംഗ്ഷനിലും പരിസരങ്ങളിലും തമ്പടിച്ചിട്ടുള്ള നായ്ക്കൾക്കാണ് രാജേഷ് ദിവസവും രണ്ടുനേരം ഭക്ഷണം എത്തിക്കുന്നത്. രാവിലെ 7 മണിയോടെ ബുള്ളറ്റിൽ ഭക്ഷണവും വെള്ളവുമായി ജംഗ്ഷന് തെക്ക് കനാലിന് സമീപമെത്തും. ബുള്ളറ്റ് പാലത്തടം ജംഗ്ഷനിൽ എത്തുമ്പോഴേക്കും ശബ്ദം കേട്ട് നായ്ക്കൾ പിന്നാലെ കൂടും. ഇല നിരത്തി ചോറും കറികളും കുഴച്ചതാണ് ആദ്യം വിളമ്പുന്നത്. പിന്നീട് വെള്ളവും ബിസ്കറ്റും മറ്റും നൽകും. ഈ സമയം രാജേഷിന്റെ സഹായത്തിനായി ബാലു എന്ന സുഹൃത്തും എത്താറുണ്ട്. നായ്ക്കൾ ഭക്ഷണം കഴിച്ചു കഴിയും വരെ ഇവർ ഒപ്പമുണ്ടാകും.
രാത്രി 7.30നും ഭക്ഷണം എത്തിക്കുന്നുണ്ട്. പേരൂർകാരാണ്മ ഗുരുമന്ദിരത്തിനു സമീപം അനിൽ ഭവനത്തിൽ രാജേഷ് വീടിനോട് ചേർന്ന് വെൽഡിംഗ് വർക്ക്ഷോപ് നടത്തുകയാണ്. ചെറുപ്പം മുതലേ നായ്ക്കളോട് വലിയ ഇഷ്ടമാണ്. വീട്ടിൽ നായ്ക്കളെ വളർത്തുന്നുമുണ്ട്. ലോക്ക് ഡൗണായതോടെ അലഞ്ഞുതിരിയുന്ന നായ്ക്കൾക്ക് ഭക്ഷണം ലഭിക്കാനുള്ള സാദ്ധ്യത ഇല്ലാത്തതിനാലാണ് താൻ മുൻകൈ എടുത്തതെന്ന് രാജേഷ് പറയുന്നു.