അമ്പലപ്പുഴ: മെഡി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ഭാര്യയെ എറണാകുളം ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ വാഹനം കിട്ടാതെ വിഷമിച്ച തൃപ്പൂണിത്തുറ സ്വദേശി പവിത്രന് (56) ഫയർഫോഴ്സ് തുണയായി.
വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യ ജലജാമണിയെ (52) രോഗം കൂടിയതിനെത്തുടർന്നാണ് അഞ്ചു ദിവസം മുൻപ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. രോഗം കുറഞ്ഞതോടെ ജലജാമണിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്കു തന്നെ മടക്കി അയയ്ക്കാൻ തീരുമാനിച്ചിരുന്നു. പോകാൻ മാർഗമില്ലാതെ വിഷമിച്ച ഇവരുടെ ദുരവസ്ഥയറിഞ്ഞ ബ്ലോക്ക് പഞ്ചായത്തംഗം യു.എം.കബീർ, പൊതുപ്രവർത്തകരായ നിസാർ വെള്ളാപ്പള്ളി, നാസർ ഇബ്രാഹിം, സിയാദ് എന്നിവർ ആംബുലൻസുകൾ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് ആലപ്പുഴ ഫയർഫോഴ്‌സുമായി ബന്ധപ്പെട്ടപ്പോൾ ഹരിപ്പാട് ഫയർഫോഴ്‌സിൽ നിന്ന് ആംബുലൻസ് എത്തിച്ചു. വൈകിട്ട് മെഡി. ആശുപത്രിയിൽ നിന്ന് ഫയർ ഓഫീസർമാരായ എസ്.ഷമീർ, കെ.സക്കീർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ ഇരുവരെയും എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. ഹൃദ്രോഗി കൂടിയായ പവിത്രനും ജലജാമണിക്കും മക്കളില്ല.