തുറവൂർ: വഴിത്തർക്കം സംബന്ധിച്ചു സ്ത്രീകൾ തമ്മിലുണ്ടായ സംഘട്ടനം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതിനു ഫലമുണ്ടായി. കളക്ടറുടെ നിർദ്ദേശപ്രകാരം പൊലീസും ജനപ്രതിനിധികളും ഇടപെട്ടതോടെ വഴിപ്രശ്നത്തിന് താത്കാലിക പരിഹാരമുണ്ടാവുകയും ചെയ്തു.

തുറവൂർ എൻ.സി.സി പെട്രോൾ പമ്പിന് കിഴക്ക് ഭാഗത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അയൽവാസികൾ തമ്മിൽ വർഷങ്ങളായുള്ള വഴിത്തർക്കം കോടതി വരെ എത്തിയതാണ്. രണ്ടു സ്ത്രീകളും ഒരു കുട്ടിയും മാത്രമുള്ള കുടുംബവും തൊട്ടടുത്ത വീട്ടുകാരുമായാണ് തർക്കം. പല തവണ ഇരുകൂട്ടരും തമ്മിൽ സംഘർഷവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ സംഘട്ടനത്തിൽ മർദ്ദനമേറ്റ സ്ത്രീ റോഡിൽ അവശയായി കിടക്കുന്നതും സഹോദരി സഹായം തേടി വിലപിക്കുന്നതുമായ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കളക്ടറുടെ നിർദ്ദേശാനുസരണം ഇന്നലെ ആർ.ഡി.ഒ.യുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരും കുത്തിയതോട് പൊലീസും സംഭവസ്ഥലം സന്ദർശിച്ചു. ചേർത്തല തഹസിൽദാർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് അംഗം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

സ്ത്രീകൾ മാത്രമുള്ള കുടുംബത്തിന് നടവഴി നൽകണമെന്ന കോടതി ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ എതിർ വീട്ടുകാർ എതിർത്തെങ്കിലും പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചതോടെ ഇവർക്ക് വഴിയൊരുങ്ങി.