ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രതാ വാരാചരണത്തിന് ഇന്ന് തുടക്കമാകും. മഴക്കാല പൂർവ്വ ശുചീകരണം, കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് വിവിധ പ്രവർത്തനങ്ങൾ നടത്തുക. എല്ലാ വീടുകളിലും അതത് വീട്ടുകാർ തന്നെ ശുചീകരണം നടത്തണം. പഞ്ചായത്തുതല ഉദ്ഘാടനം 13ാം വാർഡിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ നിർവഹിക്കും. വാരാചരണത്തിന്റെ പ്രചാരണാർത്ഥം വിവിധ പ്രദേശങ്ങളിൽ സന്ദേശ വാഹനം സഞ്ചരിച്ചു. ഫ്ലാഗ് ഒഫ് പ്രസിഡന്റ് ജെ.ജയലാൽ നിർവഹിച്ചു.വൈസ് പ്രസിഡന്റ് മായാ മജു,ഡി.സതീശൻ,പുഷ്പ ബാബുരാജ്,എസ്.ടി.റെജി,സി.ബി.ഷാജികുമാർ,സെക്രട്ടറി ബിനു ഗോപാൽ എന്നിവർ പങ്കെടുത്തു.
23 ന് ശുചീകരണ പ്രവർത്തനങ്ങളുടെ വാർഡുതല പരിശോധനയും അവലോകനവും നടക്കും. 24 ന് ഒറ്റയ്ക്ക് താമസിക്കുന്ന അവശരായവരുടെ വീടുകളിൽ ഹെൽപ്പ് ലൈൻ ഫോൺ നമ്പർ പതിക്കും. 25 ന് പഞ്ചായത്തിലെ എല്ലാ വീടുകളിലും സാനിറ്റൈസറും,മാസ്‌കും വിതരണംചെയ്യും. 26 ന് ജീവിത ശൈലീ രോഗ നിർണ്ണയവും മരുന്ന് വിതരണവും പൂർത്തിയാക്കും. 27 ന് ഹോമിയോ മരുന്ന് വിതരണം പൂർത്തീകരണവും,ആരോഗ്യ പ്രവർത്തകരെ ആദരിക്കലും നടക്കും.28 ന് ധൂപ ദിനത്തിന്റെ ഭാഗമായി എല്ലാവീടുകളിലും അപരാജിത ചൂർണ്ണം പുകയ്ക്കും.