അമ്പലപ്പുഴ : ബൈക്ക് തടഞ്ഞു നിറുത്തി യൂത്ത് കോൺഗ്രസ് നേതാവിനെ അക്രമിസംഘം വെട്ടി പരിക്കേല്പിച്ചു. യൂത്ത് കോൺഗ്രസ് കറ്റാനം മണ്ഡലം സെക്രട്ടറി സുഹൈലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 10.30 ഓടെ സുഹൃത്ത് ഇക്ബാലുമൊത്ത് ബൈക്കിൽ വരുമ്പോൾ ഇലിപ്പക്കുളം മങ്ങാരം ജംഗ്ഷന് സമീപം വച്ച് ഒരു സംഘം ബൈക്ക് തടഞ്ഞു നിറുത്തി വടിവാളിന് വെട്ടുകയായിരുന്നു. ഇക്ബാൽ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തിയാണ് വെട്ടേറ്റു കിടന്ന സുഹൈലിനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.