alappuzha

മാവേലിക്കര- ചെട്ടികുളങ്ങരയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു.ചെട്ടികുളങ്ങര വടക്കേത്തുണ്ടം പാലപ്പളളിൽ വീട്ടിൽ രാഘവൻ(70), ഭാര്യ മണിയമ്മ(65) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തീപിടിത്തത്തിൽ ഇവരുടെ കോൺക്രീറ്റ് വീട് പൂർണമായും തകർന്നു.ഇരുവരുടെയും മൃതദേഹങ്ങളും കത്തിക്കരിഞ്ഞു. ഗ്യാസ് ലീക്കിനെതുടർന്ന് അപകടമുണ്ടായതാണോ ആത്മഹത്യയാണോയെന്ന് വ്യക്തമല്ല.

രാഘവനും ഭാര്യയും മാത്രമാണ് ഇവിടെ താമസം. അടുക്കളയിൽ പാചകത്തിനുപയോഗിക്കുന്ന സിലിണ്ടറിൽ നിന്നല്ല അപകടമുണ്ടായിരിക്കുന്നത്. ബെഡ് റൂമിൽ സൂക്ഷിച്ചതായി കരുതുന്ന സിലിണ്ടറാണ് തീപിടിത്തതിന് കാരണമായത്. സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്നതെങ്ങനെയെന്ന് വ്യക്തമല്ല.രാത്രി പത്തരമണിയോടെ സ്ഫോടനശബ്ദവും തീയും കണ്ട് അയൽവാസികളാണ് വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്. നിമിഷങ്ങൾക്കുള്ളിൽ ഗ്യാസ് വീട്ടിനുള്ളിലാകെ പരക്കുകയും മുൻവശത്തെ മുറിയിലുൾപ്പെടെ തീയും പുകയും നിറയുകയും ചെയ്തതിനാൽ അയൽക്കാർക്കാർക്കും വീട്ടിനുളളിലേക്ക് കടക്കാനായില്ല. ജനാലകളും വാതിലുകളും പെട്ടിത്തെറിച്ചു.വീട്ടുപകരണങ്ങളും കത്തിയമർന്നു. ഫയർഫോഴ്സെത്തി തീ കെടുത്തിയെങ്കിലും ദമ്പതികൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു..

തുടർന്ന് പൊലീസ് വീട് സീൽചെയ്തു.. ഇന്ന് രാവിലെ ഫോറൻസിക് വിദഗ്ദരെത്തി തെളിവെടുത്തശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. കായംകുളം എം..എസ്,എം കോളേജ് ജീവനക്കാരനായ വിനോദ് കുമാറാണ് മകൻ.ഇയാൾ പത്തിയൂരിലാണ് താമസം. ഇയാളെക്കൂടാതെ ഇവർക്ക് ഒരുമകളുമുണ്ട്