 ലോക്ക്ഡൗൺ നിബന്ധനകളിൽ കർശന നിരീക്ഷണം

ആലപ്പുഴ: ജില്ലയെ ഭാഗിക ഇളവുള്ള ഒാറഞ്ച് ബി സോണിൽ ഉൾപ്പെടുത്തിയതോടെ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തികൾക്ക് തുടക്കമായി. ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ച തണ്ണീർമുക്കം, മുളക്കഴ, ചെറിയനാട് ഒഴികെയുള്ള പ്രദേശങ്ങളിലാണ് പദ്ധതി പുനരാരംഭിച്ചത്.

വ്യക്തിഗത, കുടുംബ ആസ്തികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും വരൾച്ചാ പ്രതിരോധ പ്രവൃത്തികൾക്കുമാണ് ആദ്യ ഘട്ടത്തിൽ മുൻഗണന നൽകുന്നത്. കടുത്ത നിയന്ത്രണങ്ങളോടെയും വ്യവസ്ഥകളോടെയും ആരംഭിച്ച പ്രവൃത്തികൾ കൃത്യമായി നിരീക്ഷിക്കും. മുഖാവരണം ധരിക്കാത്തവരെ ഒഴിവാക്കും. വ്യവസ്ഥകൾ പാലിക്കുന്നു എന്നുറപ്പാക്കാൻ ഓരോ ദിവസവും ജിയോടാഗ് ചെയ്ത ഫോട്ടോകൾ ബി.പി.ഒമാർക്കും ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർമാർക്കും ഇ- മെയിൽ ചെയ്യണം. മാർച്ച് 25നാണ് തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾ നിറുത്തിവെച്ചത്. പരമാവധി അഞ്ച് പേരെ നിയോഗിച്ചുള്ള ജോലികൾക്കാണ് തുടക്കമായത്.

........................


# സുരക്ഷാ നിർദ്ദേശങ്ങൾ

പരമാവധി 5 തൊഴിലാളികൾ, പരസ്പരം ഒരു മീറ്റർ അകലം പാലിക്കണം, തൊഴിലിന് മുൻപും ശേഷവും ഇടവേളകളിലും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം, വൃത്തിയുള്ള കൈയുറകളും കഴുകി ഉപയോഗിക്കാവുന്ന തുണി മാസ്കുകളും നിർബന്ധം, പണിയായുധം കൈമാറരുത്, പനിയും ചുമയും ഉള്ളവർ വിട്ടുനിൽക്കണം, നീരീക്ഷണത്തിലുള്ളവരുമായോ രോഗമുള്ളവരുമായോ സമ്പർക്കമുള്ളവരും ജോലിക്കെത്തരുത്, ജോലിസ്ഥലത്തും പൊതു സ്ഥലങ്ങളിലും തുപ്പരുത്

....................

# ചെയ്യാവുന്ന ജോലികൾ

വീടുകളുടെ നിർമ്മാണം, കാർഷിക നഴ്സറി പരിപാലനം, പൊതുകുളങ്ങളുടെയും തോടുകളുടെയും, നീർച്ചാലുകളുടെയും പുനരുദ്ധാരണം, മഴക്കുഴി നിർമ്മാണം, ജലസേചന കിണറുകളുടെ നിർമ്മാണം, നദീ പുനരുജ്ജീവന പ്രവർത്തനങ്ങൾ, കിണർ റീചാർജിംഗ്, സോക്പിറ്റ്, കമ്പോസ്റ്റ് കുഴി, ലോക്ക് ഡൗൺ മൂലം നിർത്തിവെച്ച റോഡ് പണികൾ

........................................

 343: ജില്ലയിലെ വർക്ക് സൈറ്റുകൾ

 687: തൊഴിലാളികളുടെ എണ്ണം

 291: പ്രതിദിന വേതനം

........................................

ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ച് മാത്രമേ തൊഴിൽ ചെയ്യാവൂ എന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവൃത്തികൾ കൃത്യമായി നിരീക്ഷിക്കും. തൊഴിലാളികൾ നിർബന്ധമായും സാമൂഹിക അകലം പാലിക്കണം

(കെ.കെ.ഷാജു, ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ)